ഫെരാരി കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കൊല്‍ക്കത്ത: അമിത വേഗത്തിലോടിച്ച ഫെരാരി സ്‌പോര്‍ട്‌സ് കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളില്‍ ദൊംജൂരിലെ പകൂരിയയിലാണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.

അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളൈ ഓവറിന്റെ തൂണിലാണ് അമിതവേഗത്തില്‍ വന്ന കാറിടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഇരു വശത്തേയും ഡോറുകളും അപകടത്തില്‍ തകര്‍ന്നു. ഫ്‌ളൈഓവറില്‍ ചേര്‍ന്നിട്ടുണ്ടായിരുന്ന 6 ഇഞ്ചോളം നീളമുളള ഇരുമ്പ് കമ്പി കാറിന്റെ ബോണറ്റ് വഴി അകത്തേക്ക് തുളച്ചു കയറിയ രീതിയിലാണ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു.

500 ഹോഴ്‌സ് പവറിന് മുകളിലുളള ഫെരാരി കാലിഫോര്‍ണിയ ടി മോഡല്‍ കാറാണ് അപകടത്തില്‍ പെട്ടത്. അതേസമയം അമിതവേഗതയാണ് അപകടത്തിന് കാരണമെന്നതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതില്‍ സ്ഥിരീകരണമാവുകയുളളൂ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here