ടയര്‍ റോഡില്‍ ആഴ്ന്നപ്പോള്‍ ഡ്രൈവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല

തായ്‌ലന്‍ഡ് : വാനിന്റെ വളയം കൈകളില്‍ സുരക്ഷിതമാകയാല്‍ തുടര്‍നിമിഷത്തില്‍ ഒരപകടത്തിനും സാധ്യതയില്ലെന്ന ആത്മവിശ്വാസം തന്നെയായിരിക്കണം ആ ഡ്രൈവറെയും നയിച്ചത്. എന്നാല്‍ വാഹനക്കുതിപ്പില്‍ എത്രമേല്‍ ബോധവാനാണെങ്കിലും രംഗബോധമില്ലാത്ത ദുരന്തങ്ങള്‍ എങ്ങിനെയും വന്നുഭവിക്കാമെന്ന് അടുത്ത നിമിഷം അയാളില്‍ തിരിച്ചറിവുണ്ടായി.

ഫുഡ് ട്രക്കിന്റെ ടയര്‍ റോഡില്‍ ആഴ്ന്നിറങ്ങുകയായിരുന്നു. വാഹനം മുന്നോട്ടുപോകാനാകാതെ റോഡില്‍ കുടുങ്ങി. ആ അഭിശപ്ത നിമിഷത്തെ പഴിച്ച് അയാള്‍ വാഹനത്തില്‍ നിന്നിറങ്ങി ടയര്‍ പരിശോധിച്ചു. ആ കാഴ്ചയില്‍ അമ്പരക്കാതെ തരമില്ലായിരുന്നു. ടയറിനടിയില്‍ പത്തടി നീളമുള്ള പെരുമ്പാമ്പ് അകപ്പെട്ടിരിക്കുന്നു.

റോഡിനടിയിലെ, പെരുമ്പാമ്പിന്റെ താവളത്തിലേക്കാണ് ടയര്‍ ആഴ്ന്നത്. തായ്‌ലന്‍ഡിലാണ് സംഭവം. ഷാവലിറ്റ് തോങ്‌സാഡയെന്ന ഡ്രൈവറായിരുന്നു ആ ഹതഭാഗ്യന്‍. ബുധനാഴ്ച തന്റെ ഫുഡ് വാനുമായി ചച്ചോങ്‌സാഓയിലൂടെ കുതിക്കുന്നതിനിടെയാണ് ട്രക്കിന്റെ ടയര്‍ പാമ്പിന്‍കൂട് തകര്‍ത്തത്.

ടയറിനുള്ളില്‍ കുടുങ്ങിയ പെരുമ്പാമ്പ് തലയനക്കുന്നുണ്ടായിരുന്നു. മരണപ്പെട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഉടന്‍ തന്നെ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചു. ഉടന്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ വാഹനമുയര്‍ത്തി പാമ്പിനെ ജീവനോടെ പുറത്തെത്തിച്ചു.തുടര്‍ന്ന് അടുത്തുള്ള മൃഗാശുപത്രിയിലേക്ക് പാമ്പുമായി കുതിച്ചു. പക്ഷേ അതിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

തോങ്‌സാഡ പതിവായി പോകുന്ന വഴിയാണിത്.പച്ചവെള്ളം പോലെ
ആ റോഡിനെക്കുറിച്ച് ധാരണയുള്ളയാള്‍. റോഡ് പൊടുന്നനെ കുഴിഞ്ഞുപോകാനുള്ള യാതൊരു സാധ്യതയും അതിന് തൊട്ടുമുന്‍പുവരെ അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. പക്ഷേ റോഡിനടിയില്‍ തമ്പടിച്ച പെരുമ്പാമ്പിന്റെ നിര്‍ഭാഗ്യം തോങ്‌സാഡയുടേതുമായി.

LEAVE A REPLY

Please enter your comment!
Please enter your name here