തിമിര ശസ്ത്രക്രിയ; 11 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ബലോഡ്: തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ പതിനൊന്നുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. 32 പേര്‍ക്ക് അണുബാധയും റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡ് ബലോഡിലെ രഞ്ജന്‍ഗോന്‍ ഗ്രാമത്തിലാണ് സംഭവം.

പതിനൊന്നുപേര്‍ക്കും തങ്ങളുടെ ഓരോ കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 22,23, 24 തീയതികളിലായി 96 പേരാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്. ഫെബ്രുവരി 23ന് രണ്ട് സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ 45 തിമിര ശസ്ത്രക്രിയകളാണ് നടന്നത്.

ഇവരെ പിന്നീട് രണ്ട് മുതിര്‍ന്ന സര്‍ജന്‍മാര്‍ പരിശോധിക്കുകയും അണുബാധ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ 26ാം തീയതി ഇവരില്‍ രണ്ട് പേര്‍ കണ്ണിന് അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തി.

ഇവരില്‍ അണുബാധയുടെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. വൈകാതെ 32 പേര്‍ കൂടി പരാതിയുമായി എത്തി. റായ്പൂരിലെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇവരില്‍ 11 പേരുടെ കാഴ്ച നഷ്ടപ്പെട്ടതായി ബോധ്യമായത്.

ഫെബ്രുവരി 22ന് ഇതേ ആശുപത്രിയില്‍ 22 പേര്‍ക്കും 24ന് 29 പേര്‍ക്കും ശസ്ത്രക്രിയ നടത്തിയിരുന്നു. അതേസമയം ആരോഗ്യപ്രശ്‌നം നേരിട്ട എല്ലാവരേയും മെച്ചപ്പെട്ട ചികിത്സയ്ക്കായി റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗികള്‍ക്ക് ശസ്ത്രക്രിയസമയത്ത് ഉപയോഗിച്ച മരുന്നുകളും, അതിന് ശേഷം കണ്ണില്‍ ഒഴിക്കാന്‍ കൊടുത്ത മരുന്നുകളുടേയും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചുകൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here