11കാരിയുടെ കണ്ണില്‍ ഉറുമ്പുകള്‍

ബംഗളൂരു: പതിനൊന്ന് വയസ്സുകാരിയുടെ കണ്ണില്‍ നിന്നും നിരന്തരമായി ഉറുമ്പുകള്‍ പുറത്തു വരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍. ദക്ഷിണ കന്നഡയിലെ ബെല്‍ത്തംഗാഡിയിലെ നെല്ലിംഗേരി ഗ്രാമത്തില്‍ താമസിക്കുന്ന അശ്വിനിയുടെ കണ്ണില്‍ നിന്നാണ് ഉറുമ്പുകള്‍ പുറത്തുവരുന്നത്.

നിലവില്‍ 60 ഓളം ഉറുമ്പുകളെ കുട്ടിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ എഴുന്നേറ്റപ്പോള്‍ മുതലാണ് അശ്വനിയുടെ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടത്.

മാതാപിതാക്കള്‍ കണ്ണ് പരിശോധിച്ചപ്പോള്‍ കണ്ണില്‍ ഒരു ഉറുമ്പിനെ കാണുകയും അതിനെ എടുത്ത് കളയുകയും ചെയ്തു. ഉറക്കത്തിലെങ്ങാനും മകളുടെ കണ്ണില്‍ പോയതാകും എന്നാണ് മാതാപിതാക്കള്‍ ചിന്തിച്ചത്.

എന്നാല്‍ കണ്ണ് നിരന്തരമായി വേദനിക്കാന്‍ തുടങ്ങിയതോടെയാണ് അശ്വിനിയെ മാതാപിതാക്കള്‍ ഡോക്ടറെ കാണിക്കുന്നത്. ഡോക്ടര്‍ കണ്ണില്‍ ഒഴിക്കാന്‍ മരുന്ന് നല്‍കി. എന്നാല്‍ വേദനയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല.

ദിവസേന അഞ്ചാറ് ഉറുമ്പ് വീതം പുറത്തേക്ക് വന്നുതുടങ്ങി. പത്ത് ദിവസത്തിനിടെ 60ഓളം ചത്ത ഉറുമ്പുകളാണ് കണ്ണില്‍ നിന്നും പുറത്തുവന്നത്. കഴിഞ്ഞ ദിവസം അശ്വിനിയെ സ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്ന് കണ്ണ് ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ നേത്ര വിദഗ്ധര്‍ക്ക് പോലും ഇതിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here