12കാരന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം

ഹൈദരാബാദ്: ആറാംക്ലാസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. അവധിക്കാലത്ത് പത്രവിതരണത്തിന് പോയ കുട്ടി ലിഫ്റ്റിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്ന് മരിക്കുകയായിരുന്നു.

പത്ര വിതരണം നടത്തിയ ശേഷം താഴത്തെ നിലയില്‍ എത്തിയ കുട്ടി, വീണ്ടും ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട് വാതിലുകളാണ് ലിഫ്റ്റിന് ഉണ്ടായിരുന്നത്. ഒന്ന് അകത്തു നിന്നും മറ്റൊന്ന് പുറത്തുനിന്നും.

ഈ രണ്ട് വാതിലുകള്‍ക്കുമിടയിലുള്ള ചെറിയ വിടവിലാണ് കുട്ടി കുടുങ്ങിയത്. ലിഫ്റ്റില്‍ നിന്നിറങ്ങിയ കുട്ടി വീണ്ടും പെട്ടെന്ന് തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ ഇത് മുകളിലേക്ക് ഉയര്‍ന്നു. അകത്തെ ഗ്രില്‍ തുറക്കാന്‍ കഴിയാതെ വരികയും ഗ്രില്ലിനും ചുവരിനും ഇടയില്‍പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.

വാച്ച്മാന്‍ എത്തുമ്പോഴേക്കും കുട്ടിയുടെ കാലുകള്‍ താഴേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് കുട്ടിയെ പുറത്തെടുത്തത്. സിസിടിവിയില്‍ ഈ ദൃശ്യം പതിഞ്ഞിരുന്നു. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജോലിക്കുവച്ചതിന്‌ പത്രത്തിന്റെ ഏജന്റിനെതിരെ കേസെടുത്തു. കൂലിപ്പണിക്കാരായ മാതാപിതാക്കളെ സഹായിക്കാനാണ് ബാലന്‍ അവധിക്ക് പത്രവിതരണത്തിന് പോയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here