21കാരന്‍ കാര്‍ ഓടിച്ചുകയറ്റി; 13 പേര്‍ക്ക് പരിക്കേറ്റു

ലണ്ടന്‍: നിശാക്ലബില്‍ പ്രവേശനം നിഷേധിച്ചതില്‍ നിരാശ പൂണ്ട് ഇരുപത്തൊന്നുകാരന്‍ വേദിയിലേക്ക് കാര്‍ ഓടിച്ചുകയറ്റി. ഗ്രേവ്‌സെന്‍ഡിലെ ക്വീന്‍ സ്ട്രീറ്റിലുള്ള ബ്ലേക്ക് നിശാക്ലബിലായിരുന്നു സംഭവം.

ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ആരും കൊല്ലപ്പെടാതിരുന്നത് അദ്ഭുതമാണെന്നു കെന്റ് പൊലീസ് അറിയിച്ചു. ക്ലബ്ബില്‍ പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ വൈകുന്നേരം യുവാവിനോടു നിശാക്ലബില്‍നിന്നു പുറത്തുപോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് തിരികെ വന്നെങ്കിലും ഇയാളെ അകത്ത് പ്രവേശിപ്പിച്ചില്ല. ഈ ദേഷ്യത്തില്‍ യുവാവ് തന്റെ സുസുക്കി വിറ്റാറ കാര്‍ ക്ലബിനുള്ളിലേക്ക് അതിവേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

കൊലപാതക ശ്രമം ആരോപിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവം ഭീകരാക്രമണ ശ്രമമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ടെന്റ് അടിച്ച, ജനക്കൂട്ടം തിങ്ങിനിറഞ്ഞ മേഖലയിലേക്കാണ് ഇയാള്‍ കാര്‍ ഓടിച്ച് കയറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here