ബാലവിവാഹം തടഞ്ഞ് പൊലീസ്

ഹൈദരാബാദ് :15 വയസ്സുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം അവസാന നിമിഷത്തില്‍ പൊലീസെത്തി പരാജയപ്പെടുത്തി. ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് പൊലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തിയത്.

38 വയസ്സുകാരനായ ഭിന്നശേഷിക്കാരനായ യുവാവുമായിട്ടായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഈയിടെയാണ് കുട്ടി പത്താം ക്ലാസ് പരീക്ഷ പാസായത്. ഒറീസയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലേക്ക് കുടിയേറിയവരാണ് കുട്ടിയുടെ മാതാപിതാക്കള്‍.

ഇവരുടെ ഭൂവുടമയുടെ മകനുമായിട്ടായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചത്. ലക്ഷക്കണക്കിന് രൂപ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ ഭൂവുടമയ്ക്ക് നല്‍കാനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ ഭിന്നശേഷിക്കാരനായ മകനെ പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ കടങ്ങള്‍ എഴുതി തള്ളാമെന്ന് ഭൂവുടമ ഇവര്‍ക്ക് മുന്നില്‍ നിര്‍ദ്ദേശം വെച്ചത്.

ഇത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ രഹസ്യ വിവരം ലഭിച്ചതനുസരിച്ച് സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് പെണ്‍കുട്ടിയെ ബാലവിവാഹത്തില്‍ നിന്നും രക്ഷിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here