കുരങ്ങ് തട്ടിക്കൊണ്ടുപോയ കുഞ്ഞ് മരിച്ചു

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങ് തട്ടിയെടുത്ത 16 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ചു. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ജനിച്ചതു മുതല്‍ കുഞ്ഞ് കരഞ്ഞിരുന്നില്ല. കരയാത്തതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തി അധിക ദിവസമാകുന്നതിനു മുമ്പാണ് കുരങ്ങന്‍ കുഞ്ഞിനെ റാഞ്ചിയെടുത്തത്. റാഞ്ചിയെടുത്ത് അധികം താമസിയാതെ തന്നെ കുഞ്ഞ് കിണറ്റില്‍ വീണിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞദിവസമാണ് വീട്ടിനുള്ളില്‍ കൊതുക് വലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ കുരങ്ങ് എടുത്തോടിയത്. ഇത് കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്.

വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ ശബ്ദം കേള്‍ക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അതേസമയം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം മനസ്സിലാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here