പതിനാറുകാരിയെ ബലാത്സംഗം ചെയ്തു

ലഖ്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ ബലാത്സംഗം ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളുടെ സഹോദരിയാണ്.

പെണ്‍കുട്ടിയുടെ ബന്ധു സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവാവിനും സഹോദരിക്കുമെതിരേ കേസെടുത്തു. സഹോദരിക്കെതിരെ പ്രേരണാക്കുറ്റവും ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

പതിനാറുകാരിയെ സമ്രീന്‍ എന്ന സ്ത്രീ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സഹോദരന്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.

പീഡനദൃശ്യങ്ങള്‍ സമ്രീന്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. അതേസമയം സ്ത്രീകള്‍ക്ക് ഇത്രയും ക്രൂരമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ എന്ന് ഒരു നിമിഷം സംശയിച്ച് പോയെന്ന് പോലീസ് പറഞ്ഞു.

ഈ സംഭവങ്ങള്‍ക്കടിസ്ഥാനം പെണ്‍കുട്ടിയുടെ ബന്ധുവായ റുക്‌സാന എന്ന സ്ത്രീയും സമ്രീനും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

രണ്ട് സ്ത്രീകളും മുമ്പ് ഒരുമിച്ച് ഒരിടത്താണ് താമസിച്ചിരുന്നത്. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ രണ്ടുപേരും സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.

തുടര്‍ന്ന് ഇവര്‍ രണ്ടുപേരും പരസ്പരം ഓരോ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റുക്‌സാന സമ്രീന് എതിരെ മോഷണക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് ശനിയാഴ്ച സമ്രീന്‍ റുക്‌സാനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ ബലാത്സംഗക്കുറ്റത്തിന് കേസ് കൊടുത്തു. ഇതിനു ശേഷമാണ് റുക്‌സാനയുടെ ബന്ധുവായ പതിനാറുകാരിയെ ഇവര്‍ തട്ടിക്കൊണ്ടുപോയതും ബലാത്സംഗം ചെയ്തതുമെന്നാണ് പൊലീസ് ഭാഷ്യം.

എന്തായാലും പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here