2 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണെന്ന സംശയത്തില്‍ പതിനേഴുകാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം.

പത്ത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞ് ജനിക്കുകയും ചെയ്തു. പാലിക ബസാറില്‍ സെയില്‍സ് ഗേളായി ഭാര്യ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചായിരുന്നു ജോലിക്ക് പോയത്.

തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഭര്‍ത്താവിനെ കാണാനുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് പിടികൂടുകയായിരുന്നു.

നിലത്തെറിഞ്ഞാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ എല്ലുകള്‍ മുഴുവന്‍ നുറുങ്ങിയ നിലയിലായിരുന്നു. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും കുഞ്ഞ് മറ്റാരുടെയാണോ എന്ന സംശയത്തിലാണ് കൊന്നതെന്നും 17കാരന്‍ മൊഴി നല്‍കി.

ക്രൂരമായ കൊലപാതകത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായതിനാല്‍ ശൈശവ വിവാഹമടക്കം ഉള്‍പ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കാനാകുമോയെന്ന് പരിശോധിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here