‘ഈ ഐ ഫോണ്‍ തുറക്കാന്‍ 47 വര്‍ഷമെടുക്കും’

ബീജിങ് : 2 വയസ്സുകാരന്‍ അമ്മയുടെ ഫോണ്‍ 47 വര്‍ഷത്തേക്ക് ലോക്ക് ചെയ്തു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. തെറ്റായ പാസ്‌വേര്‍ഡ് തുടര്‍ച്ചയായി അമര്‍ത്തിയതാണ് വിനയായത്. ലു എന്ന യുവതിയുടെ ഐ ഫോണ്‍ 25 മില്യണ്‍ മിനുട്ട് നേരത്തേക്കാണ് ലോക്കായിരിക്കുന്നത്.

ഓരോ തവണ തെറ്റായ രഹസ്യ നമ്പര്‍ അമര്‍ത്തിയപ്പോഴും നിശ്ചിത കാലയളവിലേക്ക് ഫോണ്‍ ലോക്ക് ആയിക്കൊണ്ടിരുന്നു. ഒരുപാട് തവണ ഇത് ആവര്‍ത്തിക്കപ്പെട്ടതാണ് പ്രശ്‌നമായത്. ജനുവരിയിലായിരുന്നു സംഭവം. വീഡിയോകള്‍ കാണാന്‍ അമ്മ കുട്ടിക്ക് ഫോണ്‍ നല്‍കുകയായിരുന്നു.

പിന്നീട് യുവതി വീട്ടില്‍ തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് ഫോണ്‍ തുറക്കാനാകാതെ വന്നത്. കുട്ടി തെറ്റായ പാസ്‌വേഡ് അമര്‍ത്തിയതാണ് പ്രശ്‌നകാരണമെന്ന് തിരിച്ചറിഞ്ഞ യുവതി 2 മാസം കാത്തിരുന്നു. ഫാണ്‍ തനിയെ ശരിയാകുമെന്നായിരുന്നു പ്രതീക്ഷ. 2 മാസത്തിന് ശേഷം യഥാര്‍ത്ഥ പാസ്‌വേഡ് അടിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ലു ഫോണുമായി അടുത്തുള്ള ആപ്പിള്‍ സ്റ്റോറിനെ സമീപിച്ചു. ഒന്നുകില്‍ 47 വര്‍ഷം കാത്തിരിക്കുക, അല്ലെങ്കില്‍ ഫോണിലെ മുഴുവന്‍ ഡാറ്റകളും നീക്കം ചെയ്തശേഷം ആദ്യം മുതല്‍ മുഴുവന്‍ ഫയലുകളും ഫീഡ് ചെയ്യുക എന്നീ പോംവഴികളാണുള്ളതെന്നായിരുന്നു അവരുടെ മറുപടി.

ഇതേതുടര്‍ന്ന് ഫോണ്‍ റീസെറ്റ് ചെയ്യാന്‍ നല്‍കിയിരിക്കുകയാണ് യുവതി. 80 വര്‍ഷത്തേക്ക് വരെ ലോക്കായിപ്പോയ ഫോണുണ്ടെന്നാണ് ആപ്പിള്‍ സ്റ്റോറിലെ സാങ്കേതിക വിദഗ്ധന്‍ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here