കോപ്പിയടി കടലാസുകളുടെ ഭാരം 200 കിലോ

അഹമ്മദാബാദ്: കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കരുതിവെച്ച കടലാസുകള്‍ 200 കിലോയോളം. ഗുജറാത്തിലെ ഒരൊറ്റ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുമാണ് ഇത്രയും കടലാസുകള്‍ പിടിച്ചെടുത്തത്. മാര്‍ച്ചില്‍ നടന്ന പ്ലസ്ടു സയന്‍സ് പരീക്ഷയ്ക്കിടെ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. ഗുജറാത്തിലെ സ്വാമിനാരായണ്‍ ഗുരുകുല്‍ സ്‌കൂളിലായിരുന്നു സംഭവം.

കോപ്പിയടി കടലാസിന്റെ ഭാരം കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. തൊണ്ടി മുതല്‍ കണ്ടുകെട്ടാന്‍ തന്നെ 20 ചാക്കുകള്‍ വേണ്ടി വന്നുവെന്ന് അധികൃതര്‍ പറയുന്നു. മാര്‍ച്ച് 14ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ തങ്ങള്‍ കണ്ടത് റോഡാകെ ചിതറി കിടക്കുന്ന വെളുത്ത പേപ്പര്‍ കഷ്ണങ്ങളായിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.എസ് കെല്ല പറഞ്ഞു.

കുട്ടികള്‍ കോപ്പിയടിക്കാന്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ കടലാസുകളായിരുന്നു അവ. തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് മുന്‍പേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്വമേധയാ കൈവശമുള്ള കടലാസുകള്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലും കടലാസുകഷ്ണങ്ങള്‍ കണ്ടെത്തി. ഗുജറാത്ത് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് മീറ്റിങ്ങിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ബോര്‍ഡ് അറിയിച്ചു. തുടരന്വേഷണത്തിനായി പരീക്ഷാ കോര്‍ഡിനേറ്ററെയും ഇന്‍വിജിലേറ്റര്‍മാരെയും ബോര്‍ഡ് വിളിപ്പിച്ചു. ക്രമക്കേട് കാട്ടിയ 15 വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തിയെന്ന് ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ എന്‍.സി ഷാഹ് പറഞ്ഞു. 2008ല്‍ സമാനമായ സംഭവത്തെ തുടര്‍ന്ന് ഈ സ്‌കൂളിനെ പരീക്ഷാ നടത്തിപ്പില്‍ നിന്നും ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here