ബിജെപിക്ക് 110 സീറ്റുകള്‍ കുറയും ; ശിവസേന

മുംബൈ :2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 തൊട്ട് 110 വരെ സീറ്റുകള്‍ കുറയുമെന്ന് പ്രമുഖ സഖ്യ കക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സേന ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിലെ നിലവിലെ തരംഗങ്ങളും യുപിയിലെ ഉപതിരഞ്ഞെടുപ്പുകളിലടക്കം പാര്‍ട്ടി നേരിട്ട പരാജയങ്ങളും ഇതാണ് വ്യക്തമാക്കുന്നതെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.

ത്രിപുരയടക്കമുള്ള ചെറു സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷവും ഉത്തര്‍പ്രദേശിലെ രണ്ട് സീറ്റുകളില്‍ നേരിട്ട തിരിച്ചടി ബിജെപി ക്യാമ്പുകളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

ഉപ തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ മൊത്തം അഭിപ്രായമല്ല എന്ന് പാര്‍ട്ടി പറയുമ്പോഴും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ഒന്‍പത് ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതായും സേന കുറ്റപ്പെടുത്തുന്നു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ എല്ലാം വ്യക്തമായി കാണാന്‍ പറ്റുന്നുണ്ടെന്നും മുഖ പത്രം പറയുന്നു. എന്തുകൊണ്ടാണ് ഗൊരഖ്പൂറും ഫുല്‍പൂറും പോലുള്ള ബിജെപി കോട്ടകളില്‍ ഇളക്കം തട്ടിയതെന്നും ശിവസേന ചോദിക്കുന്നു.

ചില ബിജെപി നേതാക്കള്‍ ഇപ്പോഴും വിഢികളുടെ കൊട്ടാരത്തിലാണ് താമസിക്കുന്നത്. ലാലു പ്രസാദ് യാദവിനെ ജയിലില്‍ അടച്ചാല്‍ ബിഹാറില്‍ ആര്‍ജെഡിക്ക് അനുകൂലമായി സഹതാപ തരംഗം ഉണ്ടാകും. തോല്‍വി ആകാശത്ത് നിന്നും ബിജെപിയെ മണ്ണിലേക്കെത്തിച്ചു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റഷ്യയിലോ അമേരിക്കയിലോ ഫ്രാന്‍സിലോ കാനഡയിലോ അല്ല ഇന്ത്യയിലാണ് നടക്കാന്‍ പോകുന്നതെന്നും അതുകൊണ്ട് നേതാക്കള്‍ തങ്ങളുടെ കാല്‍ ഇവിടെ ഉറപ്പിക്കണമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here