മുത്തച്ഛന്റെ ക്രൂരതയില്‍ എല്ലും തോലുമായ പെണ്‍കുട്ടി

ടോക്കിയോ: മുത്തച്ഛന്റെ കൊടും ക്രൂരതയില്‍ എല്ലും തോലുമായ യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജപ്പാനിലെ കാന്‍സായ് സ്വദേശിനിയായ യുവതിയാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

പത്ത് വര്‍ഷത്തോളം ഭക്ഷണം നല്‍കാതെ മുത്തച്ഛന്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇരുപതുകാരി പറയുന്നു. മുത്തച്ഛന്റെ തടവറയില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷമാണ് യുവതി തന്റെ ചിത്രങ്ങളും അനുഭവങ്ങളും പങ്കുവെച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

താന്‍ രഹസ്യമായി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ അടിവയറിലേക്ക് മുത്തച്ഛന്‍ ചവിട്ടുമായിരുന്നുവെന്നും കൊല്ലുമോയെന്നുള്ള ഭയത്താല്‍ ഭക്ഷണം താന്‍ തുപ്പിക്കളയുമായിരുന്നുവെന്നും യുവതി പറയുന്നു.

ആ നാളുകളില്‍ തന്റെ ശരീരഭാരം വെറും പതിനാറ് കിലോ മാത്രമായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. തന്നെ രക്ഷപ്പെടുത്തിയ സമയത്ത് പത്ത് മിനിട്ടുകൂടി വൈകിയിരുന്നുവെങ്കില്‍ താന്‍ മരിച്ചുപോകുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നതായും യുവതി ഓര്‍ക്കുന്നു.

വൈല്‍ഡ് കാബേജ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യുവതി തന്റെ അനുഭവം പുറത്തുവിട്ടത്. തന്നെ പോലെ വീട്ടുതടങ്കലിലാക്കി ഭക്ഷണം നിഷേധിക്കപ്പെട്ട് ആരെങ്കിലും കഴിയുന്നുണ്ടെങ്കില്‍ അത് പുറത്ത് പറയാന്‍ വൈകരുതെന്നും യുവതി പറയുന്നു.

അതേസമയം മുത്തച്ഛന്‍ തന്നെ പട്ടിണിക്കിട്ടതിന്റെ കാരണമെന്താണന്നോ പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്നോ ഇവര്‍ പറഞ്ഞിട്ടില്ല. എന്തായാലും യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here