70 ദിവസം കൊണ്ട് 21 ലക്ഷം നേടിയ കര്‍ഷകന്‍

അഹമ്മദാബാദ് :വെറും എഴുപത് ദിവസത്തെ കൃഷി കൊണ്ട് 21 ലക്ഷം രൂപ സമ്പാദിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഗുജറാത്തില്‍ നിന്നുള്ള ഈ കര്‍ഷകന്‍. അടുത്തിടെ കേരളത്തിലെ വിപണികളില്‍ ധാരാളമായി കാണപ്പെടുന്ന തണ്ണിമത്തന്‍ വിഭാഗത്തില്‍ പെടുന്ന തയ്ക്കുമ്പളമാണ് ഇദ്ദേഹം തന്റെ കൃഷിയിടത്തില്‍ ഇത്തവണ പരീക്ഷിച്ചു നോക്കിയത്.

ഗുജറാത്തിലെ ഭനസ്‌കന്ദ ജില്ലയിലെ ചന്ദാജി ഗോലിയ ഗ്രാമവാസിയായ കേതാജി സോളങ്കിയാണ് ഈ അത്ഭുത വിളവിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. കാര്‍ഷിക മേഖലയിലെ പുത്തന്‍ വാര്‍ത്തകള്‍ അറിയുവാനുള്ള ഇദ്ദേഹത്തിന്റെ മനസ്സാണ് ഈ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തി സ്രോതസ്സ്.

വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം മൊബൈലില്‍ കര്‍ഷക സംബന്ധിയായ ഇംഗ്ലീഷ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തും അറിവുകള്‍ സമ്പാദിക്കുന്നു. സാധാരണയായി ഉരുളക്കിഴങ്ങ്, കടല എന്നിവയുടെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരായിരുന്നു ചന്ദാജി ഗോലിയയിലെ കര്‍ഷകര്‍. കേതാജിയുടെ കുടുംബവും പാരമ്പര്യമായി ഇത്തരം കൃഷികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്.

എന്നാല്‍ പൊടുന്നനെ ഉരുളക്കിഴങ്ങിന്റെ വില ഇടിയുവാന്‍ തുടങ്ങി. ഇതോടെ ഇവിടത്തെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. എന്നാല്‍ ഇതിനിടയില്‍ ചില അഭുദയകാംഷികള്‍ തയ്ക്കുമ്പളത്തിന്റെ വിപണി സാധ്യതകളെ പറ്റി കേതാജിയുമായി ചര്‍ച്ച ചെയ്തു. ഇന്റര്‍നെറ്റിലൂടെ അദ്ദേഹം ഇതിന്റെ കൃഷി വിവരങ്ങള്‍ മനസ്സിലാക്കി തന്റെ കൃഷി സ്ഥലം ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഇടമാണെന്ന് മനസ്സിലാക്കി.

നാല് ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചു. വിളയുടെ ലഭ്യത കുറവ് കാരണം വിപണിയില്‍ നിറയെ ആവശ്യക്കാരുമുണ്ടായിരുന്നു. ഫെബ്രുവരി 12 ന് കൃഷിയിറക്കിയ അദ്ദേഹത്തിന് ഏപ്രില്‍ മാസം പകുതിയോടെ വിളവ് എടുക്കുവാന്‍ സാധിച്ചു. അന്തരീക്ഷ താപനില 32-34 ഡിഗ്രി സെല്‍ഷ്യസാണ് ഇവയുടെ വിത്തുകള്‍ പാകാനുള്ള നല്ല സമയം.

രണ്ട് മാസങ്ങള്‍ക്ക് ശേഷം ചൂട് വര്‍ദ്ധിച്ച് ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസിലെത്തുമ്പോഴേക്കും നല്ല വിളയും ലഭിക്കും. അന്തരീക്ഷത്തില്‍ നല്ല ചൂടുള്ള സമയമായത് കൊണ്ട് തന്നെ വിപണിയില്‍ നല്ല ആവശ്യക്കാരുമുണ്ടാവും. കേതാജി തന്റെ വിജയത്തിന് പിന്നിലെ ചെറിയ വലിയ രഹസ്യം പറയുന്നു. തന്റെ ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്രയു മികച്ച വരുമാനം വിളവെടുപ്പില്‍ ലഭിക്കുന്നതെന്ന് കേതാജി സോളങ്കി തുറന്നു സമ്മതിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here