ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

ആലപ്പുഴ :പൊലീസ് പരിശോധനയ്ക്കിടെ ബൈക്കുകള്‍ തമ്മിലുണ്ടായ കൂട്ടിയിടിയില്‍ യുവാവ് മരിച്ചു. രണ്ട് കുട്ടികളടക്കം മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മാരാരിക്കുളത്താണ് പുലര്‍ച്ചെ ഒന്നരയോടെ നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്.

പാതിരപ്പള്ളിയില്‍ വെളിയില്‍ ബാലന്റെ മകന്‍ വിച്ചുവാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു. കഞ്ഞിക്കുഴി ജംഗ്ഷന് സമീപം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു ദാരുണ അപകടം ഉണ്ടായത്.

വിച്ചുവിന്റെ വാഹനത്തിന് മുന്നിലായി മറ്റൊരു ബൈക്കില്‍ ഭാര്യയും ഭര്‍ത്താവും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്ന ഒരു കുടുംബം യാത്ര ചെയ്യുന്നുണ്ടായിരുന്നു. പരിശോധന നടത്തുന്ന സ്ഥലത്ത് വെച്ച് പൊലീസ് കൈ കാണിച്ചെങ്കിലും ഇവര്‍ ബൈക്ക് നിര്‍ത്തിയില്ല.

തുടര്‍ന്ന് ഈ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് സംഘം വാഹനത്തെ മറികടന്ന് ജീപ്പ് റോഡിന് നടുവിലായി കുറുകെ നിര്‍ത്തി. അപ്രതീക്ഷീതമായ പൊലീസ് നീക്കത്തില്‍ പകച്ച് പോയ കുടുംബ നാഥന്‍ ബൈക്ക് ചവിട്ടി നിര്‍ത്തി.

ഈ സമയം പിന്നാലെ വന്ന വിച്ചുവിന്റെ ബൈക്ക് ഇവരുടെ വാഹനത്തിന് മേലെ ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് വിച്ചു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവരെ പരിക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ജീപ്പ് കുറുകെ ഇട്ടിട്ടില്ലെന്നാണ് മാരാരിക്കുളം പൊലീസിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here