24കാരിയെ മാതാപിതാക്കള്‍ കത്തിച്ച് കൊന്നു

ലഖ്‌നൗ: ഇരുപത്തിനാലുകാരിയെ കത്തിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രേദശിലെ ഉന്നാവോ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.
പ്രണയം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് മകളെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം മകളെ പ്രണയിച്ച യുവാവിനെതിരെ പിതാവ് പൊലീസില്‍ മൊഴി നല്‍കി. മകളെ യുവാവ് കൊല്ലുകയും തുടര്‍ന്ന് ഗ്രാമത്തിലെ ഒരു പാടത്ത് കത്തിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

മകളെ വിവാഹം കഴിക്കാന്‍ ബന്ധുവായ യുവാവ് ആഗ്രഹിച്ചിരുന്നെന്നും ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പിതാവ് ആരോപിച്ചത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് മനസിലായി. പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ പൊള്ളലേറ്റിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇയാള്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ല.

പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ മാതാപിതാക്കളും സഹോദരനും കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബത്തിന്റെ പേര് മോശമാക്കിയതിനാണ് പെണ്‍കുട്ടിയെ കൊന്നതെന്ന് മാതാപിതാക്കള്‍ സമ്മതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here