എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു

മധുര: വാഹനാപകടത്തില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെ ഉത്തര്‍പ്രദേശിലെ മധുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ്‌വേയിലായിരുന്നു അപകടം.

അപകടത്തില്‍ മറ്റ് നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകുംവഴി ഡോക്ടര്‍മാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്.

കാതറിന്‍, അഭിനവ്, മഹേഷ് എന്നീ ഡോക്ടര്‍മാര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാറിന്റെ ഡോര്‍ ഇളകിത്തെറിച്ചിരുന്നതിനാല്‍ വളരെ ഉയര്‍ന്ന വേഗതയിലാകാം കൂട്ടിയിടി നടന്നതെന്നും കരുതുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ യുപി രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നറെയും ഡ്രൈവറെയും പൊലീസ് തെരയുന്നു.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലം രാജ്യത്തെ ഏറ്റവും അപകടമേറിയ റോഡുകളിലൊന്നായി 2017ൽ യമുന എക്‌സ്പ്രസ് ഹൈവേയെ തിരഞ്ഞെടുത്തിരുന്നു. ഇവിടെ ഓരോ ആഴ്‌ചയും ശരാശരി 30 അപകടങ്ങൾ വീതം നടക്കുന്നുണ്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here