കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു

ജാര്‍ഖണ്ഡ്: ഡിപിടി കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. ആറ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. പലാമൗ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഡിപിടി വാക്‌സിനെടുത്ത കുട്ടികളാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. വില്ലന്‍ ചുമ, ഡിഫ്ത്തീരിയ, ടെറ്റനസ് പോലെ രോഗങ്ങള്‍ തടയുന്നതിനുള്ള കുത്തിവെപ്പാണ് ഡിടിപി വാക്‌സിന്‍.

മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ഒരു വയസിനും 18 മാസത്തിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്.

ലോയിന്‍ഗ ഗ്രാമത്തിലെ അംഗനവാടിയില്‍ നിന്നായിരുന്നു കുഞ്ഞുങ്ങള്‍ക്ക് കുത്തിവെപ്പെടുത്തത്. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് പനിയും വയറിളക്കവുമുണ്ടായി. അതേസമയം പരിശീലനം ലഭിച്ച നഴ്‌സുമാര്‍ തന്നെയാണ് വാക്‌സിന്‍ എടുത്തതെന്ന് സിവില്‍ സര്‍ജന്‍ ഡോ.ടി. വിജയ് കുമാര്‍ പറഞ്ഞു.

കുഞ്ഞുങ്ങളുടെ മരണത്തില്‍ പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും റോഡ് ഉപരോധിക്കുകയുണ്ടായി. അതേസമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും തെറ്റ് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ രാധാകൃഷ്ണ കിഷോര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here