മുംബൈ: മുപ്പത്തിയഞ്ചുകാരിയായ ഡോക്ടര്‍ അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ രുപാലി ശിവജി കല്‍കുന്ദ്രെ (35)യാണ് ജീവനൊടുക്കിയത്. രുപാലി വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും ഇതിന് ചികിത്സ തേടിയിരുന്നതായും ബോയിവാഡ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ദാത്രെ പാട്ടില്‍ അറിയിച്ചു.
സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി പരിസരത്തെ വീട്ടില്‍ ശനിയാഴ്ചയാണ് രുപാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രുപാലിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് പല തവണ കോളിങ് ബെല്‍ അടിച്ചിട്ടും രുപാലി വാതില്‍ തുറന്നില്ല.
തുടര്‍ന്ന് അദ്ദേഹം മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് രുപാലി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ശരീരത്തിനുള്ളില്‍ ചെന്നതാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.