പുലി വേട്ടയ്ക്കിടെ പൊലീസിന് പറ്റിയ അമളി

ഹട്ടണ്‍ :കൃഷിയിടത്തില്‍ പുലിയെ കണ്ടെത്തിയന്ന ഫോണ്‍ കോളിനെ തുടര്‍ന്ന് കീഴടക്കാന്‍ ചെന്ന പൊലീസ് സംഘം ചെന്നു പെട്ടത് വലിയൊരു അമളിയിലേക്ക്. സ്‌കോട്ട്‌ലാന്റിലെ ഉത്തര പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമമായ ഹട്ടണിലാണ് പൊലീസിന് പുലി പിടുത്തത്തിനിടെ അമളി പിണഞ്ഞത്.

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു കൃഷിയിടത്തിലെ കാലിത്തൊഴുത്തിനരികിലായി പുലിയെ കണ്ടെത്തിയതായി അറിയിച്ച് ഒരു യുവാവിന്റെ ഫോണ്‍ കോള്‍ വന്നത്.

പൊലീസ് സംഘം ഉടന്‍ തന്നെ അടുത്തുള്ള മൃഗശാലയില്‍ വിളിച്ച് ഏതെങ്കിലും പുലി പുറത്ത് ചാടിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു. ഇല്ലാ എന്നായിരുന്നു മൃഗശാല അധികൃതര്‍ നല്‍കിയ മറുപടി.

ഇതിന് ശേഷം വനം വകുപ്പ് അധികൃതരേയും കൂട്ടി പൊലീസ് സംഘം കൃഷിപ്പാടത്തിലേക്ക് കുതിച്ചെത്തി. അപ്പോഴേക്കും നല്ല തോതില്‍ ജനക്കൂട്ടവും സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു.ദൂരെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും സാവധാനം പുലിയെ നിരീക്ഷിക്കുവാന്‍ തുടങ്ങി. ഇടയ്ക്ക് പൊലീസുകാര്‍ ആകാശത്തേക്ക് വെടിവെച്ചപ്പോഴും പുലി കുടുങ്ങിയില്ല.

അങ്ങനെ 45 മിനുട്ട് നീണ്ട പുലിവേട്ടയ്‌ക്കൊടുവിലാണ് ആ സത്യം വെളിപ്പെട്ടത്. ഏവരേയും മുള്‍മുനയില്‍ നിര്‍ത്തിയ ആ ഭീകര ജീവി പുലിയായിരുന്നില്ല. ആരോ മനപ്പൂര്‍വം കൃഷിക്കാരനെ കബളിപ്പിക്കുവാന്‍ കൊണ്ടു വെച്ച പുലിയുടെ പാവയായിരുന്നു.

സംഭവത്തില്‍ കൃഷിക്കാരന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാജ വിവരം നല്‍കിയതിന് ഇദ്ദേഹത്തിനെതിരെ കേസൊന്നും പൊലീസ് ഫയല്‍ ചെയ്തിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here