സവാളകള്‍ക്കിടയില്‍ 500 കിലോ കഞ്ചാവ്

മുംബൈ :സവാളകള്‍ക്കിടയില്‍ ഒളിപ്പിച്ച് ട്രക്കില്‍ മുംബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. മുബൈയിലെ വിക്രോലിയില്‍ വെച്ചാണ് ഇത്തരത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുന്നംഗ സംഘത്തെ ആന്റി നാര്‍ക്കോട്ടിക് സംഘം അറസ്റ്റ് ചെയ്തത്.

ആന്റി നാര്‍ക്കോട്ടിക് സംഘത്തിന്റെ ആസാദ് മൈതാന്‍ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. നാസികില്‍ നിന്നും ഉള്ളി നിറച്ച ട്രക്കില്‍ മുംബൈയിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് സംഘം തോക്കുമായി റോഡ് ഉപരോധിച്ചു. തുടര്‍ന്ന്
നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയാലായത്.

500 കിലോ കഞ്ചാവിന് ഒരു കോടിയില്‍പ്പരം രൂപ വില വരും. മുംബൈ നാര്‍ക്കോട്ടിക് സെല്‍ ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. നാസിക് സ്വദേശികളാണ് പിടിയിലായ മൂന്ന് പ്രതികളും. ഏറ്റവും താഴെ കഞ്ചാവ് ഒളിപ്പിച്ച് വെച്ചതിന് ശേഷം ചീഞ്ഞ സവാള നടുക്ക് വെച്ച് നിറച്ചു. ഇതിന് ശേഷം നല്ല സവാള മുകളില്‍ നിറച്ചു.

കഞ്ചാവിന്റെ മണം പുറത്തേക്ക് വരാതിരിക്കാനാണ് ചീഞ്ഞ സവാള നടുക്ക് നിറച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ആന്ധ്ര പ്രദേശിലെ ഒരു ഉള്‍ നാടന്‍ ഗ്രാമത്തില്‍ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ടു വന്നതെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

ഇത്രയും വലിയ അളവില്‍ കഞ്ചാവ് കൊണ്ടു വന്നത് കൊണ്ട് തന്നെ ഇത് വിതരണം ചെയ്യുന്നതിലും വലിയൊരു ശ്യംഗല പിന്നിലുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here