6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഭോപ്പാല്‍: ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് സംഭവം. മൊറേന സ്വദേശിയായ കുട്ടിയെ ബുധനാഴ്ച രാത്രി വിവാഹ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. കുട്ടിയെ വിവാഹ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ വിവാഹ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുളള കുന്നിന്‍ പ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതി കുട്ടിയുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി. കുട്ടിയുടെ രക്ഷിതാക്കള്‍ വിവാഹത്തിന്റെ തിരക്കിലായപ്പോള്‍ അക്രമി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കല്ല് കൊണ്ട് ഇടിച്ചാണ് കുട്ടിയുടെ മുഖത്ത് പരുക്കേല്‍പ്പിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അക്രമി കുട്ടിയേയും കൊണ്ട് രാത്രി ഒന്നോടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി 2.30ഓടെ ഇയാള്‍ ഒറ്റയ്ക്ക് വിവാഹ വീട്ടിലേക്ക് തിരികെ വരുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറ്ററിങ്ങിന് എത്തിയ യുവാവാണ് ദൃശ്യങ്ങളിലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here