ശസ്ത്രക്രിയക്കിടെ പിഞ്ചു ബാലന്റെ കൈ തിരിഞ്ഞു

മുംബൈ :ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ കാണിച്ച അലംഭാവം കാരണം പിഞ്ചു ബാലന്റെ കൈ തിരിഞ്ഞു. മുംബൈ സ്വദേശിയായ അമാന്‍ പാണ്ഡ്യാ എന്ന ഏഴ് വയസ്സുകാരനാണ് ഈ ദുര്‍വിധി സംഭവിച്ചിരിക്കുന്നത്.

രണ്ട് ദിവസം മുന്‍പാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അമാന്റെ കൈക്ക് പരിക്ക് പറ്റുന്നത്. കൈയ്യിലെ എല്ലിന് പരിക്കേറ്റിട്ടുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് പിതാവ് ഉമേഷ് പാണ്ഡ്യേ മകനേയും എടുത്ത് ആശുപത്രിയിലേക്കോടി.

മുംബൈയിലെ ശതാബ്ദി ആശുപത്രിയിലേക്കാണ് ഉമേഷ് മകനെയും കൊണ്ട് പോയത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ശസ്ത്രക്രിയയിലാണ് അമാന്റെ കൈ തിരിഞ്ഞ് പോയത്.

ഇതിനെ തുടര്‍ന്ന് മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും കൈ പൂര്‍വ സ്ഥിതിയില്‍ വരുത്തുവാന്‍ കഴിഞ്ഞില്ല. ട്രെയിനി ഡോക്ടര്‍മാരാണ് തന്റെ മകന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് ഉമേഷ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളെ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

സംഭവത്തില്‍ ഒരു കമ്മിറ്റിയെ വെച്ച് പഠനം നടത്തുമെന്നും ഒരു മാസത്തിനുള്ളില്‍ കുട്ടിയുടെ കൈ നേരേയാക്കാനുള്ള ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്നും ആശുപത്രി അധികൃതര്‍ അമാന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി. അതേ സമയം ശസ്ത്രക്രിയയില്‍ പിഴവുകള്‍ വന്നതായി കണ്ടെത്തിയാല്‍ വേണ്ട ശിക്ഷാ നടപടികള്‍ ഉണ്ടാവുമെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here