7 വയസുകാരിയുടെ ഈ ചിത്രം കണ്ണ് നനയിക്കും

ഔറംഗാബാദ്: നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. ഏഴുവയസുകാരിയോട് ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്. മറിച്ചൊരുവാക്ക് പറയാതെ അവള്‍ അക്ഷരംപ്രതി അതനുസരിച്ചു. അങ്ങനെ ആ കുട്ടി നിന്നത് ഒരു മണിക്കൂറോളം.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ചിത്രം മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പകര്‍ത്തിയതാണ്. അസുഖ ബാധിതനായ പിതാവിനൊപ്പം നിന്ന കുട്ടിയോട് അനങ്ങാതെ ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

എകനാഥ് ഗാവ്‌ലി എന്ന നാല്‍പ്പത്തിയഞ്ചുകാരനെ ഓപ്പറേഷന് ശേഷം വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് സംഭവം. ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ ഗാവ്‌ലിയുടെ മകളോട് ട്രിപ്പ് സ്റ്റാന്‍ഡിനു പകരം നില്ക്കാന്‍ ആവശ്യപ്പെട്ടത്. കൈകാലുകള്‍ കഴച്ചിട്ടും അച്ഛനോടുള്ള ഇഷ്ടം കൊണ്ട് അവള്‍ അനങ്ങിയില്ല. ഒട്ടേറെ രോഗികള്‍ ദിനംപ്രതി എത്തുന്ന ആശുപത്രിയിലാണ് ഈ സംഭവം.

എന്‍സിപിയുടെ എംപി സുപ്രിയ സുലെ അടക്കം നിരവധി പ്രമുഖര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ നിരവധിപേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. അതേസമയം ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡില്‍ വന്നപ്പോള്‍ കുട്ടിയുടെ കൈയില്‍ ഗ്ലൂക്കോസ് കുപ്പി കൊടുത്തത് ആരോ ചിത്രമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here