ഒറ്റ രാത്രി കൊണ്ട് അകത്തായത് 73 ഗുണ്ടകള്‍

ചെന്നൈ : ഒരു പിറന്നാളാഘോഷത്തെ തുടര്‍ന്ന് പൊലീസ് പിടിയിലായത് പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെ 73 ഗുണ്ടകള്‍. ചെന്നൈ ചൂളൈമേട്ടിലായിരുന്നു സംഭവം. വിനു എന്ന ഗുണ്ടാത്തലവന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് കൊടും കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടിയത്.

ഇവിടെ വെച്ച് കേക്ക് മുറിയടക്കമുള്ള ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍ ലഹരി തലയ്ക്ക് പിടിച്ചതോടെ ഗുണ്ടകള്‍ അമ്പത്തൂര്‍ ഔട്ടര്‍ റിങ് റോഡിലേക്കിറങ്ങി. തുടര്‍ന്ന് റോഡില്‍ പാട്ടും കൂത്തുമാരംഭിച്ചു. ഗതാഗതം നിയന്ത്രിക്കാനും തുടങ്ങി.

കത്തിയും വാളും ആയുധങ്ങളുമെല്ലാം കയ്യിലേന്തിയായിരുന്നു പരാക്രമം. ഇതോടെ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. വന്‍ പൊലീസ് സന്നാഹമാണ് ഉടന്‍ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതും ചിലര്‍ ചിതറിയോടി. എന്നാല്‍ മദ്യലഹരിയിലായതിനാല്‍ ഇവര്‍ക്ക് അത്രവേഗം രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല.

അതിനാല്‍ പൊലീസിന് അവരെ എളുപ്പത്തില്‍ വലയിലാക്കാനായി. 38 ബൈക്കുകളും 8 കാറുകളും പൊലീസ് സംഭവ സ്ഥലത്തുനിന്ന് പിടിച്ചെടുത്തു. ഇവരില്‍ പലര്‍ക്കെതിരെയും കൊലപാതക കുറ്റമുണ്ട്.

മോഷണക്കുറ്റവും വധശ്രമങ്ങളും ബലാത്സംഗവുമുള്‍പ്പെടെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുമുണ്ട്. 3 അസിസ്റ്റന്റ് കമ്മീഷണര്‍മാരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും 21 എസ് ഐ മാരും ചേര്‍ന്നാണ് ഗുണ്ടാ സംഘത്തെ വലയിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here