പൊടിക്കാറ്റും ഇടിമിന്നലും; 79 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 100 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയാണ് പൊടിക്കാറ്റില്‍ ഏറ്റവും ഭീകരമായി ഇരയായത്. ഇവിടെ മാത്രം 45 പേര്‍ കൊല്ലപ്പെട്ടു.

36 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മണിക്കൂറില്‍ 132 കി.മീ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്. 150 ഓളം മൃഗങ്ങളും കെടുതിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലാകെ വൈദ്യുതി പോസ്റ്റുകളും വീടുകളും തകര്‍ന്നു. രാജസ്ഥാനില്‍ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഭരത്പൂരിലാണ് ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത്. 12 പേരാണ് ഇവിടെ മരിച്ചത്. അല്‍വാറില്‍ നാലു പേര്‍ക്കും ധോല്‍പൂരില്‍ ആറു പേര്‍ക്കും ഝുന്‍ഝുനുവിലും ബിക്കാനീറിലും ഓരോ ആള്‍ക്കും വീതം ജീവന്‍ നഷ്ടമായി. രാത്രി വീട്ടില്‍ കിടന്നുറങ്ങവെ പൊടിക്കാറ്റില്‍ മേല്‍ക്കൂര തകര്‍ന്നുവീണാണ് ഭൂരിഭാഗം പേരും മരണമടഞ്ഞത്.

കാറ്റിനിടെയുണ്ടായ മിന്നലേറ്റ് ധോല്‍പൂരിലെ നിരവധി വീടുകള്‍ക്ക് തീപ്പിടിക്കുകയും മരങ്ങള്‍ നിലംപതിക്കുകയും ചെയ്തു. മുഖ്യമന്ത്രി വസുന്ധര രാജെ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വീതം നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 ശതമാനത്തിലേറെ പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം വീതവും 40 മുതല്‍ 50 ശതമാനം വരെ പരിക്കേറ്റവര്‍ക്ക് 60000 രൂപയും ആണ് നഷ്ടപരിഹാരം.

LEAVE A REPLY

Please enter your comment!
Please enter your name here