മരണത്തിന്റെ ഗന്ധം തിരിച്ചറിയാമെന്ന് യുവതി

സിഡ്‌നി :തനിക്ക് ഒരു പ്രത്യേക തരം അതീന്ദ്രിയ ശക്തിയുണ്ടെന്ന അവകാശ വാദമുന്നയിച്ച് യുവതി രംഗത്ത്. മരണത്തിന്റെ ഗന്ധം അറിയാനുള്ള കഴിവ് തന്നിലുണ്ടെന്നാണ് യുവതിയുടെ അവകാശ വാദം. ഓസട്രേലിയന്‍ സ്വദേശിനിയായ എറി കലേ എന്ന 24 വയസ്സുകാരിയാണ് ഈ വിചിത്രമായ അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരാള്‍ മരിക്കാന്‍ പോവുകയാണെന്ന് നിമിഷങ്ങള്‍ക്ക് മുന്‍പേ തനിക്ക് മനസ്സിലാവുമെന്നാണ് എറി പറയുന്നത്. പേഴ്‌സണല്‍ സെക്രട്ടറിയായി ജോലി നോക്കിയിരുന്ന യുവതി വിഷാദ രോഗത്തെ തുടര്‍ന്ന് ആ ജോലി ഉപേക്ഷിച്ചാണ് ഈ അതീന്ദ്രിയ ജ്ഞാന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ 12 ാം വയസ്സില്‍ അമ്മാവന്റെ മരണസമയത്താണ് ഇത്തരമൊരു കഴിവ് തന്നിലുള്ളതായി തിരിച്ചറിഞ്ഞതെന്ന് യുവതി പറയുന്നു. ഇതുവരെ തനിക്ക് അനുഭവപ്പെടാത്ത ഒരു മണം അന്ന് തനിക്ക് ശ്വസിക്കാന്‍ കഴിഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അമ്മാവന്‍ മരണമടഞ്ഞു.

വീട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ ഈ മണം ലഭിച്ചതുമില്ല. ഇതിനെ തുടര്‍ന്നാണ് എറി ഇതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഈ പ്രത്യേക സിദ്ധിയെ കുറിച്ച് പിന്നീട് പതിയെ തനിക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയെന്നും എറി പറയുന്നു. എന്നാല്‍ ഒരാള്‍ മരിക്കാന്‍ പോകുന്ന കാര്യം താന്‍ ആരോടും മുന്‍കൂട്ടി സൂചിപ്പിക്കാറില്ലെന്നും യുവതി പറയുന്നു. എന്തെന്നാല്‍ മരണത്തില്‍ നിന്നും ആ വ്യക്തിയെ രക്ഷിച്ചെടുക്കാനുള്ള കഴിവ് തനിക്കില്ല, അതു കൊണ്ട് തന്നെ ഈ കാര്യം പറഞ്ഞത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനവും ഇല്ല.

എല്ലാവര്‍ക്കും കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് ഈ കഴിവുകള്‍ ഉണ്ടായിരിക്കുമെന്നും എന്നാല്‍ ചുറ്റുമുള്ളവരുടെ അടിച്ചമര്‍ത്തലുകളില്‍ ഈ കഴിവ് നശിച്ച് പോകുന്നതാണെന്നും യുവതി പറയുന്നു. എന്നാല്‍ യുവതിയുടെ ഈ വാക്കുകളൊന്നും ഇതുവരെ ശാസ്ത്ര ലോകം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ആസ്‌ത്രേലിയയില്‍ ട്രോളര്‍മാരുടെ പ്രധാന ഇരയാണ് എറി. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ തളരില്ലെന്ന നിലപാടിലാണ് ഈ യുവതി.

LEAVE A REPLY

Please enter your comment!
Please enter your name here