ലോക സമ്പന്നരില്‍ 57 ാമനായ ഈ സൗദി രാജകുമാരന്‍ ഇപ്പോള്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി

സൗദി : ലോകസമ്പന്നരില്‍ 57 ാമനും സൗദി രാജകുമരനുമായ അല്‍ വലീദ് ബിന്‍ തലാലിന്റെ തടവു കേന്ദ്രം മാറ്റി. അഴിമതി നടത്തിയെന്ന് ആരോപിച്ചണ് ഇദ്ദേഹത്തെ സൗദി ഭരണകൂടം തടവിലാക്കിയത്. റിയാദിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് ഇദ്ദേഹമടക്കം അറസ്റ്റിലായ പ്രമുഖരെ പാര്‍പ്പിച്ചിരുന്നത്. രാജകുടുംബാംഗങ്ങളും മുന്‍മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും അടക്കമുള്ളവരെയാണ് റിറ്റ്‌സില്‍ തടവിലാക്കിയത്. എന്നാല്‍ പിഴയടച്ച് മോചിതനാകാം എന്ന സൗദി സര്‍ക്കാരിന്റെ നിര്‍ദേശം അല്‍ വലീദ് ബിന്‍ തലാല്‍ തള്ളിയിരുന്നു.മോചനത്തിന് 6 ബില്യണ്‍ ഡോളര്‍ കെട്ടിവെയ്ക്കണമെന്നായിരുന്നു ഭരണകൂടത്തിന്റെ അറിയിപ്പ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 38410 കോടി 68 ലക്ഷം വരും. എന്നാല്‍ ഈ നിര്‍ദേശം തലാല്‍ തള്ളി.സര്‍ക്കാരിന് താന്‍ സംഭാവനയായി കുറച്ച് പണം നല്‍കാമെന്നും പക്ഷേ അത് അഴിമതി നടത്തിയതിനുള്ള പിഴയായി അംഗീകരിച്ച് സ്വീകരിക്കരുതെന്നും അദ്ദേഹം ഉപാധിവെച്ചു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു.അഴിമതി നടത്തിയതിന്റെ പിഴയായി 6 ബില്യണ്‍ ഡോളര്‍ അടച്ചേ മതിയാകൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് വീണ്ടും നിഷേധിച്ചതോടെയാണ് ഇദ്ദേഹത്തെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുള്ള അല്‍ഹൈര്‍ ജയിലിലേക്ക് മാറ്റിയത്.ഒരാളുടെ മോചനത്തിന് ഇതാദ്യമായാണ് ഇത്രയും തുക കെട്ടിവെയ്ക്കാന്‍ സൗദി ഭരണകൂടം ആവശ്യപ്പെടുന്നത്. 62 കാരനായ അല്‍ വാലീദ് ലോകസമ്പന്നരുടെ പട്ടികയിലെ 57ാമനാണ്. ആകെ 18 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.ഇതിന്റെ 3 ല്‍ ഒരു ഭാഗമാണ് മോചനദ്രവ്യമായി നല്‍കേണ്ടത്. നവംബറിലാണ് ഇദ്ദേഹമുള്‍പ്പെടെ രാജകുടുംബാംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കുമെതിരെ അഴിമതി വിരുദ്ധ നടപടിയുണ്ടായത്.റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തടവിലാക്കി ഇവരുടെ വിചാരണ നടത്തിവരികയാണ്. ഇതില്‍ 12 പേര്‍ സൗദിയിലെ പ്രമുഖരാണ്. വന്‍ തുകകള്‍ കെട്ടിവെച്ചാണ് ചിലര്‍ ഇതിനകം മോചിതരായിട്ടുള്ളത്.320 പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ 159 പേരുടെ വിചാരണയാണ് പുരോഗമിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും വന്‍തുക കെട്ടിവെച്ച് മോചിതരാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന തുക സൗദി ഖജനാവിലേക്ക് മുതല്‍ക്കൂട്ടും.അഴിമതിയെത്തുടര്‍ന്ന്, പോയകാലങ്ങളിലായി കുറഞ്ഞത് 100 ബില്യണ്‍ ഡോളറെങ്കിലും രാജ്യ ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അറ്റോര്‍ണി ജനറലിന്റെ വിലയിരുത്തല്‍.നൂറ് ബില്യണ്‍ ഡോളര്‍ അടച്ചാണ് മിതബ് ബിന്‍ അബ്ദുള്ള രാജകുമാരന്‍ ഇക്കഴിഞ്ഞയിടെ മോചിതനായത്. ഇദ്ദേഹം നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ മേധാവിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here