തളര്‍ന്നതിനാലാണ് വിരമിക്കുന്നതെന്ന് ഡിവില്ലിയേഴ്‌സ്‌

പ്രിട്ടോറിയ : ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് ഡിവില്ലിയേഴ്‌സ് പാഡഴിക്കുന്നത്. 114 ടെസ്‌ററുകളും 228 ഏകദിനങ്ങളും 78 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട് ഈ 34 കാരന്‍.

2004 ല്‍ ഇംഗ്ലണ്ടിനെതിരെ പോര്‍ട്ട് ഓഫ് എലിസബത്തിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റില്‍ 50.66 ശരാശരിയില്‍ 8765 റണ്‍സടിച്ചിട്ടുണ്ട്. ഇതില്‍ 22 സെഞ്ച്വറികളും 46 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടും. 278 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ഉയര്‍ന്ന സ്‌കോര്‍.

2005 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തില്‍ അരങ്ങേറി. 53.50 റണ്‍സ് ശരാശരിയില്‍ 9577 റണ്‍സ് നേടി. 25 സെഞ്ച്വറികളും 53 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. 176 ആണ് ഉയര്‍ന്ന സ്‌കോര്‍.

2006 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ട്വിന്റി 20 യില്‍ അരങ്ങേറ്റം കുറിച്ചു. 26.12 ശരാശരിയില്‍ 1672 റണ്‍സ് നേടി. 79 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ഉയര്‍ന്ന സ്‌കോര്‍.

സത്യം പറഞ്ഞാല്‍ ഞാന്‍ തളര്‍ന്നു. എന്റെ ഊഴം അവസാനിച്ചു. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറിക്കൊടുക്കേണ്ടതുണ്ട്. കളി നിര്‍ത്താന്‍ ഇതാണ് ഉചിതമായ സമയമെന്നായിരുന്നു എ ബി ഡിവില്ലിയേഴ്‌സ് വിശദീകരിച്ചത്.

ഇന്ധനം തീര്‍ന്ന സമയത്ത് നിര്‍ത്തുന്നതാണ് നല്ലത്. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റാന്‍സിന് തുടര്‍ന്നും കളിക്കും. പരശീലകരോടും സഹതാരങ്ങളോടും ദക്ഷിണാഫ്രിക്കയിലെയും ലോകത്തെയും ആരാധകരോടും നന്ദിയുണ്ട്.

ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കുമെതിരായ പരമ്പര വിജയങ്ങളോടെ അവസാനിപ്പിക്കുകയാണ്. വേദനിപ്പിക്കുന്ന തീരുമാനമാണെങ്കിലും ഏറെ ആലോചിച്ചാണ് ഇത് കൈക്കൊണ്ടതെന്നും വിരമിക്കലിനെക്കുറിച്ച് എബിഡി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here