21 കോടിയടിച്ചത് തനിക്കുമല്ലെന്ന് 60കാരന്‍

അബുദാബി : ഇരുപത്തിയൊന്ന് കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചയാളെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു ജോണ്‍ വര്‍ഗീസും ധര്‍മ്മ സങ്കടത്തിലായി. അബുദാബിയിലെ നിര്‍ഭാഗ്യവാന്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍ വര്‍ഗീസിന് ശേഷമിതാ ദുബായിലും ഒരു ജോണ്‍ വര്‍ഗീസ് തന്റെ നിര്‍ഭാഗ്യ കഥ പറയുന്നു.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസമായെങ്കിലും ഇതുവരെ യഥാര്‍ഥ ജോണ്‍ വര്‍ഗീസിനെ ആളുകള്‍ തിരിച്ചറിഞ്ഞിട്ടില്ല. ദുബായില്‍ ഡ്രൈവറായ ആറന്മുള സ്വദേശിയാണ് 21 കോടി രൂപ നേടിയതെന്നാണ് വിവരം. പക്ഷേ, ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അതിനാല്‍, ഇതേ പേരിലുള്ളവരെ തേടി അഭിനന്ദനവും ആശംസകളും പ്രവഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദുബായ് ജബല്‍ അലിയിലെ ഒരു സ്വകാര്യ ഷിപ്പിങ് കമ്പനിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപറേറ്ററായ പത്തനംതിട്ട സ്വദേശി ജോണ്‍ വര്‍ഗീസ് എന്ന അറുപതുകാരനും പേര് പാരയായത്. കോടികള്‍ സ്വന്തമാക്കിയ ആളാണെന്ന തെറ്റിദ്ധാരണയില്‍ ആളുകളുടെ അഭിനന്ദനവും ആശംസയും വന്നുകൊണ്ടിരിക്കുകയാണ്.

ഓപറേറ്ററാണെങ്കിലും പലരും ഡ്രൈവറെന്നാണ് വിളിക്കാറ് എന്നത് ഈ തെറ്റിദ്ധാരണയ്ക്ക് ആക്കം കൂട്ടിയതായി ജോണ്‍ വര്‍ഗീസ് പറയുന്നു. 26 വര്‍ഷം മുന്‍പാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. ഇദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി അബുദാബി, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നു.

തന്റെ കമ്പനിയിലെ പന്ത്രണ്ടോളം പേരെ ചേര്‍ത്താണ് ഭാഗ്യം പരീക്ഷിക്കാറ്. കഴിഞ്ഞ ദിവസം അബുദാബിയില്‍ നറുക്കെടുത്ത ടിക്കറ്റും 12 വിവിധ രാജ്യക്കാരായ 12 സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് എടുത്തതാണ്. ഈ നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ കൂടെ ജോലി ചെയ്യുന്ന ഒരാളാണ് ആദ്യമായി വിളിച്ചു പറഞ്ഞത്, ചേട്ടന് ബിഗ് ടിക്കറ്റില്‍ 21 കോടി രൂപ ലഭിച്ചെന്ന്. റേഡിയോ വാര്‍ത്തയില്‍ പറഞ്ഞത്രെ, ദുബായിലെ ഡ്രൈവര്‍ക്ക് സമ്മാനം ലഭിച്ചെന്ന്!. കേട്ടപ്പോള്‍ ഒറ്റയടിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.

കാരണം സമ്മാനം അടിക്കുകയാണെങ്കില്‍ അധികൃതര്‍ നേരിട്ട് ഫോണ്‍ വിളിച്ച് അറിയിക്കേണ്ടതാണ്. പിന്നെ സാധാരണ എല്ലാ മാസവും അഞ്ചാം തീയതിയാണ് നറുക്കെടുപ്പ്. ഇന്ന് മൂന്നാം തിയതിയാണ്. ബിഗ് ടിക്കറ്റ് വെബ് സൈറ്റില്‍ കയറി നമ്പര്‍ പരിശോധിക്കാമെന്ന് വിചാരിച്ചപ്പോള്‍, തുടരെ അഭിനന്ദന ഫോണ്‍ കോളുകള്‍ വരുന്നതിനാല്‍ അതിന് സാവകാശം ലഭിച്ചില്ല.

സംഭവം അറിഞ്ഞ് ടിക്കറ്റിന് പങ്കാളികളായവര്‍ ഓടിവന്നു. ആകാംക്ഷയോടെ കാര്യം ചോദിച്ചു. ഉറപ്പില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും നിരാശയായി. എങ്കിലും സംഭവം ഉറപ്പാക്കും വരെ അവരും പ്രതീക്ഷയോടെ കാത്തിരുന്നു. വിവിധ രാജ്യക്കാരായ ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന കമ്പനിയിലാണെങ്കില്‍ ആഘോഷം പോലെ.

ഒടുവില്‍ ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മകന്റെയും വിളിയെത്തി. പപ്പാ, കേട്ടത് നേരാണോ എന്ന് ചോദിച്ചപ്പോള്‍ ആണെന്നോ അല്ലെന്നോ പറയാനാകാത്ത അവസ്ഥ. പിന്നീട് മകനാണ് നമ്പര്‍ പരിശോധിച്ച് ആ ഭാഗ്യവാന്‍ താനല്ലെന്ന് ഉറപ്പിച്ചത്. എങ്കിലും ജോണ്‍ വര്‍ഗീസിന് ഇപ്പോഴും അഭിനന്ദനവും ആശംസയും വന്നുകൊണ്ടിരിക്കുന്നു. അതും സഹപ്രവര്‍ത്തകരില്‍ നിന്നു പോലും.

കഴിഞ്ഞ ദിവസമാണ് അബുദാബിയില്‍ കഴിയുന്ന മലയാളി ജോണ്‍ വര്‍ഗീസ് തനിക്കല്ല ലോട്ടറി അടിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. നിലയ്ക്കാത്ത ആശംസാപ്രവാഹവും സഹായഭ്യര്‍ത്ഥനകളും കാരണം ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം സത്യാവസ്ഥ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here