റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ സംഘര്‍ഷം ; ഒരു മരണം.

ലഖ്‌നൗ :രാജ്യം 69 ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതിയ വിദ്യാര്‍ത്ഥി പരിഷത്ത് ഉത്തര്‍പ്രദേശില്‍ സംഘടിപ്പിച്ച ത്രിവര്‍ണ്ണ ബൈക്ക് റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 170 കിമി അകലെ എബിവിപി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് നേരെ ഒരു കൂട്ടം അജ്ഞാതര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. റോഡിന്റെ രണ്ട് ഭാഗങ്ങളിലുമായി തമ്പടിച്ച ഇരു വിഭാഗക്കാരും പരസ്പരം കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. നിരവധി ബൈക്കുകള്‍ അഗ്നിക്കിരയായിയിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമായതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സംഘര്‍ഷത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിനെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം അറിയിച്ചു. ജനങ്ങള്‍ ശാന്തത കൈവിടരുതെന്നും പൊലീസ് അധികാരികള്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.പ്രദേശത്തെ കടകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. പ്രതികളെ കണ്ടെത്താനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ബോധപൂര്‍വമായ ആക്രമണം ആയിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here