മക്കാ മസ്ജിദ് സ്‌ഫോടന കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി

ഹൈദരാബാദ് :ഏറെ കോളിളക്കം സൃഷ്ടിച്ച ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.  ഹൈദരാബാദിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികള്‍ക്ക് എതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ എന്‍ഐഎ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. കേസില്‍ സ്വാമി ആസീമാനന്ദ് ഉള്‍പ്പടെ എട്ട് പ്രതികളാണ് ആകെ ഉണ്ടായിരുന്നത്.

ഇതില്‍ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ്മ, ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവര്‍ക്കെതിരായുള്ള വിചാരണയാണ് പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച നടന്നത്. മറ്റ് മൂന്ന് പ്രതികളില്‍ ഒരാള്‍ മരണപ്പെടുകയും രണ്ട് പേര്‍ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയും ചെയ്തിരുന്നു. കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം മറ്റു നടപടികളുമായി മുന്നോട്ട് പോവുമെന്ന് എന്‍ഐഎ വ്യക്തമാക്കി.

2007 മെയ് 18 നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച ദിവസമായത് കൊണ്ട് തന്നെ പള്ളിയില്‍ നിറയെ വിശ്വാസികളുമുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ 9 പേര്‍ മരണപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. 2011 ലാണ് സിബിഐയില്‍ നിന്നും കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കേസില്‍ 226 സാക്ഷികളെ വിസ്തരിച്ചു. 446 ലധികം രേഖകളും എന്‍ഐഎ വിചാരണ വേളയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here