സന്ന്യാസിയായി വേഷം മാറി നടന്ന പ്രതി പിടിയില്‍

പാട്‌ന :കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജയിലില്‍ നിന്നും ഒളിച്ചോടി 36 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഒടുവില്‍ ആശ്രമത്തില്‍ നിന്നും പൊലീസ് പിടികൂടി. പട്‌ന സ്വദേശിയായ സുരേഷ് സിങ് എന്ന പ്രതിയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലാകുന്നത്.

അയോധ്യയിലെ ഒരു ആശ്രമത്തില്‍ ഒളിച്ച് താമസിക്കവെയാണ് ഇയാള്‍ പിടിയിലാകുന്നത്.ഒരു സന്ന്യാസിയായി വേഷം മാറിയായിരുന്നു സുരേഷ് സിങ് ആശ്രമത്തില്‍ കഴിഞ്ഞിരുന്നത്. 1981 ല്‍ സുബം സിങ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

തുടര്‍ന്ന് കോടതി സുരേഷ് സിങിന് ജീവ പര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷാ കാലയളവിനിടെ ഇയാള്‍ ജയില്‍ ചാടി. അടുത്തിടെ പാട്‌ന ഹൈക്കോടതി ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ഊര്‍ജ്ജിതമാക്കിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനില്‍ അയോധ്യയിലെ സാകേത് ഭവന്‍ ആശ്രമത്തില്‍ റെയ്ഡ് നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ശുഭ്ര വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടി വളര്‍ത്തി, തലയില്‍ നെടു നീളന്‍ ചന്ദനക്കുറിയും തൊട്ട സുരേഷ് സിങിനെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞില്ല.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലായ ഇയാള്‍ പിന്നീട് നടന്ന് ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. സുരേഷ് സിങ് ഒരു കൊലപാത കേസില്‍ പ്രതിയാണെന്ന കാര്യം ഞെട്ടലോടെയാണ് ആശ്രമത്തിലെ മറ്റ് സ്വാമിമാരും ശ്രവിച്ചത്. ആശ്രമത്തിലെ പ്രധാനികളില്‍ ഒരാളായ ഇയാള്‍ വളരെ ശാന്ത സ്വഭാവക്കാരനായാണ് കാണപ്പെടാറുള്ളതെന്ന് മറ്റുള്ളവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here