ദുരനുഭവം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്‌

കൊച്ചി : ബസില്‍വെച്ച് യാത്രക്കാരനില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള കാരണം വ്യക്തമാക്കിയാണ് ദിവ്യ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ.

കുറച്ചുനാള്‍ മുന്‍പ് ബസില്‍ യാത്ര പുറപ്പെടുമ്പോള്‍ സീറ്റിനടുത്ത് ഒരു ചേട്ടന്‍ വന്നുനിന്നു. അനാവശ്യമായ നോട്ടവും ചോദ്യങ്ങളുമായി ശല്യം ചെയ്തുകൊണ്ടിരുന്നു. അതോടെ ഞാന്‍ ദേഷ്യപ്പെട്ടു. അപ്പോളയാള്‍ സോറി പറഞ്ഞു. പെങ്ങളേ എന്ന് വിളിച്ചാണ് ക്ഷമാപണം നടത്തിയത്.

സ്‌നേഹത്തിന്റെ പുറത്ത് ചോദിച്ചതാണെന്ന് അയാള്‍ കണ്ടക്ടറോട് പറയുകയും ചെയ്തു. ഇതോടെ അയാളെ ദൂരത്തേക്ക് മാറ്റിനിര്‍ത്തി. എന്നാല്‍ യാത്ര തുടങ്ങി 10 മിനിട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ സീറ്റിന്റെ പുറകില്‍ വന്നിരുന്നു. തുടര്‍ന്ന് കമ്പിയില്‍ കൈവെച്ചുകൊണ്ട് കഴുത്തില്‍ തൊടാന്‍ ശ്രമിച്ചു.

ഇതോടെ ഞാനെഴുന്നേറ്റ് അയാളുടെ കോളറില്‍ പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. വേഷം കെട്ടെടുത്താല്‍ ഇതിനപ്പുറം മേടിക്കുമെന്ന് താക്കീത് ചെയ്തു. എന്നാല്‍ അയാളുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഇല്ല പെങ്ങളെ, സത്യമായിട്ടും പെങ്ങളുടെ സമ്മതമില്ലാതെ ഞാന്‍ മറ്റെവിടെയും തൊടില്ലാന്ന്.

ഇതോടെ കണ്ടക്ടറും ഡ്രൈവറും ആളുകളും കൂടി അയാളെ പിടിച്ച് ഇറക്കി. ഏത് ലഹരി കൊടുത്ത ധൈര്യമാണെങ്കിലും ഇതൊക്കെ അവരുടെ അവകാശം ആയി കാണുന്നുണ്ടോ എന്ന് തോന്നിപ്പോയി. ഐഐഎഫ്‌കെയില്‍ സുഹൃത്ത് നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ പുറകിലിരുന്ന് ഉപദ്രവിക്കുകയുണ്ടായി.

തുടര്‍ന്ന് മറ്റ് സുഹൃത്തുക്കള്‍ ഇടപെട്ട് അയാളെ പൊക്കിയെടുത്ത് കൊണ്ടുപോകേണ്ടി വന്നു. അതേ ആള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ കണ്ടു. ജസ്റ്റിസ് ഫോര്‍ ***** എന്നാണതില്‍ എഴുതിയിരിക്കുന്നത്. പുച്ഛമാണ് അയാളോട് തോന്നിയതെന്നും ദിവ്യ കുറിച്ചു.

ലൈഫില്‍ നമ്മള്‍ നേരിട്ട് അനുഭവിക്കുന്ന കാര്യങ്ങള്‍ സിനിമ എന്ന കലയിലൂടെ തുറന്ന് കാണിക്കാന്‍ സാധിക്കുകയും അത്തരമൊരു സംരംഭത്തിന്റെ പാര്‍ട്ടാവുകയുമെന്നതാണ്, ആഭാസം എന്ന ചിത്രത്തോട് തന്നെ അടുപ്പിച്ചതെന്ന് ദിവ്യ പറയുന്നു. ജുബിത്ത് നമ്രാടത്താണ് ആഭാസത്തിന്റെ സംവിധായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here