സൗമ്യയ്ക്ക് വേണ്ടി ഹാജരാകാന്‍ അഡ്വ. ആളൂര്‍

തലശ്ശേരി : പിണറായിയില്‍ കുഞ്ഞിനെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മകള്‍ സൗമ്യയ്ക്കായി ഹാജരാകുന്നത് അഡ്വ. ആളൂര്‍. സൗമ്യയ്ക്കുവേണ്ടി ഹാജരാകാന്‍ ആരാണ് സമീപിച്ചതെന്ന് ബിജു ആന്റണി എന്ന ആളൂര്‍ വെളിപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്‌ട്രേട്ട് സൗമ്യയോട് ആരാഞ്ഞിരുന്നെങ്കിലും വേണ്ടെന്നായിരുന്നു മറുപടി.

തൃശൂര്‍ സൗമ്യ വധകേസില്‍ പ്രതി ഗോവിന്ദച്ചാമിക്കും ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായത് ആളൂരായിരുന്നു.

അതേസമയം യുവതിയുടെ മുന്‍ ഭര്‍ത്താവ് കിഷോറിനെ കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവ് കേസില്‍ പ്രധാനമാണ്.

അതേസമയം യുവതിയുടെ കാമുകന്‍മാര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കാളിത്തമോ അറിവോ ഇല്ലായിരുന്നുവെന്നാണ് സൗമ്യയുടെ മൊഴി.

എന്നാല്‍ ഇവര്‍ക്കെതിരെ മൊഴിയുണ്ടായാല്‍ മൂന്നുപേരെയും പ്രതിചേര്‍ത്തേക്കും. ഇതുവരെ 50 പേരെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here