സാഹസിക ക്യാംപിനിടെ യുവതിക്ക് പരിക്ക്

ബംഗലൂരു :വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് സാഹസിക പ്രകടനത്തിനിടെ പരിക്കേറ്റ് നടുവൊടിഞ്ഞു. ഡല്‍ഹി സ്വദേശിനിയായ സൗമ്യ ഗുപ്ത എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്.

ബംഗലൂരുവിനടത്ത് കനക്പുരയിലെ പ്രകൃതി സാഹസിക ക്യാംപില്‍ പങ്കെടുക്കവെയാണ് ശരീരത്തില്‍ ചുറ്റിയിരുന്ന കയറ് പൊട്ടി യുവതിക്ക് അപകടം സംഭവിക്കുന്നത്. സാഹസിക പ്രകടനത്തിന്റെ ഭാഗമായുള്ള ബര്‍മ്മാ ലൂപ് പാലത്തിന്റെ മുകളില്‍ കൂടി സഞ്ചരിക്കവെയായിരുന്നു കയര്‍ ബെല്‍റ്റ് പൊട്ടി യുവതി താഴേക്ക് വീണത്.12 അടി താഴ്ചയിലേക്കുള്ള വീഴ്ച്ചയില്‍ നടുവിലെ രണ്ട് എല്ലുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവായ ദിവ്യാനേശ് ഗുപ്ത പരിക്കേറ്റ് വീണ് കിടക്കുന്ന സൗമ്യയുടെ ചിത്രങ്ങളടക്കം ചേര്‍ത്ത് സമൂഹ മാധ്യമത്തില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.

പൊട്ടിയ കയര്‍ അടക്കം കാണിച്ചായിരുന്നു യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ സാഹസിക ക്യാംപ് അധികൃതര്‍ നടത്തുന്നതെന്ന് ദിവ്യാനേശ് പോസ്റ്റില്‍ ആരോപിക്കുന്നു.എന്നാല്‍ യുവാവിന്റെ ആരോപണങ്ങളെ തള്ളി ക്യംപ് അധികൃതര്‍ രംഗത്തെത്തി. സാഹസിക പ്രകടനത്തിനിടയില്‍ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ യുവതി വല്ലാതെ പേടിച്ചു. ഇതിനെ തുടര്‍ന്ന് യുവതിക്ക് താഴോട്ട് മടങ്ങി വരുവാനായി ഏണി നല്‍കി. തിരിച്ചിറങ്ങും വഴി കാല്‍ വഴുതിയാണ് യുവതി താഴേക്ക് വീണതെന്നാണ് അധികൃതരുടെ വാദം.

സംഭവത്തില്‍ പൊലീസ് ക്യാംപ് അധികൃതര്‍ക്കെതിരെ ദിവ്യനേശിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പൂര്‍വ സ്ഥിതിയിലെത്താന്‍ യുവതിക്ക് ആറു മാസത്തേക്ക് പരിപൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here