വയറ്റിനുള്ളില്‍ മൊബൈല്‍ ഫോണും ബാറ്ററിയും

ലഖ്‌നൗ :ദുര്‍മന്ത്രവാദിയുടെ ഉപദേശം കേട്ട് ഒരു വ്യക്തി വിഴുങ്ങിയത് മൊബൈല്‍ ഫോണ്‍ മുതല്‍ ലോഹ തകിടുകള്‍ വരെ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ അജയ് ദ്വിവേദിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ ഇയാളുടെ കുടലില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു പോയി. മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വയറുകള്‍, ബാറ്ററി, താക്കോല്‍, ഗ്ലാസ് തുടങ്ങിയവയുടെ ഒരു കൂമ്പാരം തന്നെ ഇദ്ദേഹത്തിന്റെ വയറ്റിനുള്ളിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ ഉടന്‍ ശസ്ത്ര ക്രിയക്ക് വിധേയനാക്കി ശരീരത്തില്‍ നിന്നും ഇവ നീക്കം ചെയ്തു.

പ്രദേശത്തെ ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. 42 വയസ്സായ ഇദ്ദേഹത്തിന് പല വിധ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. ഇതു കാരണം ഇദ്ദേഹത്തിന്റെ വിവാഹം ഇതുവരെയായും നടന്നില്ല.

ഇതിന് പരിഹാരം തേടിയാണ് അജയ് മന്ത്രവാദിയെ സമീപിച്ചത്. തുടര്‍ന്ന് ഈ മന്ത്രവാദിയാണ് പരിഹാര ക്രിയയായി ഇവ വിഴുങ്ങാന്‍ ആവശ്യപ്പെട്ടതെന്നും അജയ് മൊഴി നല്‍കി. സംഭവം പുറത്തായതിനെ തുടര്‍ന്ന് മന്ത്രവാദി ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here