ലഞ്ച് ബ്രേക്കുള്ള നിരാഹാരസമരം !!

ചെന്നൈ : നിരാഹാര സമരത്തിനിടെ എഐഎഡിഎംകെ നേതാക്കള്‍ ഭക്ഷണം വെട്ടിവിഴുങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിക്കുന്നതില്‍ കാലവിളംബം വരുത്തുന്നതിനെതിരെയാണ് സംസ്ഥാന വ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ചത്.

ജില്ലാ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധവേദിയൊരുക്കിയത്. വെല്ലൂര്‍, പുതുക്കോട്ടെ എന്നിവിടങ്ങളിലെ സമരവേദിക്കരികില്‍ വെച്ച് നേതാക്കള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

വെല്ലൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു സമരവേദി. എന്നാല്‍ ഉച്ചയോടടുത്തപ്പോള്‍ നേതാക്കള്‍ക്ക് വിശപ്പുതുടങ്ങി. നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇടവേളയെടുത്തതിന്റ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നേതാക്കള്‍ സമരപ്പന്തലില്‍ നിന്ന് മാറിനിന്ന് ബിരിയാണി വെട്ടിവിഴുങ്ങുകയാണ്.വെള്ള വസ്ത്രത്തില്‍ എഐഎഡിഎംകെയുടെ ചിഹ്നം കുത്തിയ നേതാക്കള്‍ ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

സമീപത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചിലര്‍ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പുതുക്കോട്ടയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. നേതാക്കള്‍ ബിരിയാണി ആസ്വദിച്ച് കഴിക്കുന്നത് കാണാം.

ഏകദിന നിരാഹാര സമരമാണ് പ്രഖ്യാപിച്ചത്. രാവിലെ 8 മണിമുതല്‍ വൈകീട്ട് 5 വരെയായാണ് സമയം നിശ്ചയിച്ചത്. അത്രയും നേരം പോലും ഭക്ഷണം കഴിക്കാതിരിക്കാന്‍ നേതാക്കള്‍ക്കായില്ല.

ചെന്നൈയില്‍ ഒരുക്കിയ സമരവേദിയിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും പങ്കെടുത്തത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് എന്നത് സംസ്ഥാനത്തിന്റെ അതിപ്രധാന ആവശ്യമായി അവതരിപ്പിച്ചാണ് കേന്ദ്രത്തിനെതിരെ സമരം ആരംഭിച്ചത്.

എന്നാല്‍ ഇത്രയും പ്രധാനവിഷയത്തില്‍ നേതാക്കളുടെ ആത്മാര്‍ത്ഥത എത്രത്തോളമുണ്ടെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here