വഴുതിവീണ കുഞ്ഞിനെ എയര്‍ഹോസ്റ്റസ് രക്ഷപ്പെടുത്തി

മുംബൈ: വിമാനത്താവളത്തില്‍ വെച്ച് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച എയര്‍ഹോസ്റ്റസാണ് ഇപ്പോള്‍ താരം. ഗുലാഫാ ഷേയ്ഖ് തന്റെ പത്ത് വയസ്സ് പ്രായമുളള മകനുമൊത്ത് മുംബൈ വിമാനത്താവളത്തില്‍ നിന്നുളള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ അഹമ്മദാബാദിലേക്ക് പോകാനെത്തിയതായിരുന്നു.

എന്നാല്‍ വിമാനത്തില്‍ കയറാനുളള ക്യൂവില്‍ നില്‍ക്കുന്നതിനിടെ സെക്യൂരിറ്റി ഗേറ്റില്‍ വച്ച് കൈയില്‍ നിന്നും അവരുടെ പത്ത് മാസം പ്രായമുളള കുഞ്ഞ് വഴുതി പോയി. ഗേറ്റിനപ്പുറം നിന്നിരുന്ന ജെറ്റ് എയര്‍വെയ്‌സ് ഹോസ്റ്റസ് മിതാന്‍ഷി വൈദ്യ പൊടുന്നനെ സെക്യൂരിറ്റി ഗേറ്റിലേക്കെത്തുകയും താഴേക്ക് ചാടി കുട്ടിയെ രക്ഷിക്കുകയും ചെയ്തു. കുട്ടിയെ പരുക്കുകളൊന്നും കൂടാതെ രക്ഷിക്കാനായെങ്കിലും മിത്താന്‍ഷിയുടെ മൂക്കിന് പരിക്കേറ്റു.

ജെറ്റ് എയര്‍വെയ്‌സിനയച്ച ഇമെയിലിലാണ് തന്റെ മകന്റെ ജീവന്‍ രക്ഷിച്ച എയര്‍ഹോസ്റ്റസിനെകുറിച്ച് വിവരിച്ചിട്ടുള്ളത്. മിതാന്‍ഷിയാണ് തന്റെ പത്തുമാസമുള്ള കുഞ്ഞിനെ രക്ഷിച്ചതെന്ന് ഒരു സ്വകാര്യ കമ്പനിയുടെ എംഡിയായി ജോലിചെയ്യുന്ന ഗുലാഫാ ഷെയ്ക്ക് മെയിലില്‍ പറയുന്നു. മിതാന്‍ഷി തന്റെ കുഞ്ഞിനെ രക്ഷിച്ചപ്പോള്‍ അവര്‍ക്കും പരിക്കേറ്റിരുന്നു എന്നും അവരുടെ മുഖത്തെ മുറിവ് ആജീവനാന്തം നിലനില്‍ക്കുന്ന ഒരു പാടായി മാറിയിട്ടുണ്ടെന്നും മെയിലില്‍ പറയുന്നു.

തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ മിതാന്‍ഷി നടത്തിയ പ്രയത്‌നത്തെ അഭിനന്ദിച്ചായിരുന്നു ഗുലാഫയുടെ മെയില്‍. മിതാന്‍ഷിയെ മാലാഖ എന്ന് വിളിച്ചാണ് കത്തില്‍ അഭിനന്ദിച്ചിട്ടുള്ളത്. തന്റെ ജോലിയെ പോലും പ്രതികൂലമായി ബാധിക്കുന്ന ഒന്നായിരുന്നു മിതാന്‍ഷിയുടെ മുഖത്തുണ്ടായ മുറിവ്.

എന്നാല്‍ ഇത് കാര്യമാക്കാതെ ഇവര്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കാണിച്ച മനസിനെ അഭിനന്ദിക്കാന്‍ ജെറ്റ് എയര്‍വെയ്‌സും മുന്നോട്ടുവന്നു. മിതാന്‍ഷിയെകുറിച്ച് അഭിമാനിക്കുന്നു എന്നായിരുന്നു കമ്പനിയുടെ പ്രതികരണം. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മിത്താന്‍ഷിക്ക് അനേകം പേരുടെ അഭിനന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here