വിമാനത്തിന്റെ ജനല്‍പാളി തകര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃതസറില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ജനല്‍ അടര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഏപ്രില്‍ 19 നാണ് സംഭവം. പറന്നു കൊണ്ടിരിക്കെ വിമാനം ശക്തമായ കാറ്റിലകപ്പെട്ടു. അകത്തെ ജനല്‍ പാളി ഇളകി വീഴുകയും ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് വരികയും ചെയ്തു.

32,000 അടി ഉയരത്തിന്‍ പറന്ന് കൊണ്ടിരിക്കെ പെട്ടെന്ന് ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന യാത്രക്കാരില്‍ ചിലര്‍ സീറ്റില്‍ നിന്ന് ഉയര്‍ന്ന് മുകളിലെ പാനലില്‍ ഇടിച്ചാണ് പരിക്കേറ്റത്.

വിമാനം കുലിങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ശ്വാസതടസം നേരിട്ട ചിലര്‍ക്ക് ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിക്കേണ്ടി വന്നു. 240 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഉടന്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

‘ഞങ്ങളുടെ അത്യാഹിത വിഭാഗം പരിക്കേറ്റവര്‍ക്ക് ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മുകളിലെ പാനലില്‍ ഇടിച്ചാണ് യാത്രികന് പരിക്കേറ്റത്. മറ്റ് രണ്ട് പേര്‍ക്കും ചെറിയ പരിക്കേ ഉള്ളൂ. എല്ലാവരും സുരക്ഷിതരാണ്.’ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here