അലിഭായി രാജേഷിനെ നേരില്‍ കണ്ടു

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ അലിഭായിയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. കൊലപ്പെടുത്തുന്നതിന്റെ തലേന്ന് മടവൂരിലെ സ്റ്റുഡിയോയിലെത്തി രാജേഷിനെ നേരില്‍ കണ്ടിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

മാര്‍ച്ച് 26 ന് പകല്‍ അപ്പുണ്ണിയോടൊപ്പമെത്തി അലിഭായിയെന്ന സാലിഹ് രാജേഷിനെ കണ്ടു. ഒരു ഷോര്‍ട്ട്ഫിലിം നിര്‍മ്മിക്കണമെന്ന് രാജേഷിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മടങ്ങി.

തുടര്‍ന്ന് 27 ന് പുലര്‍ച്ചെ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആയുധങ്ങള്‍ കരുനാഗപ്പള്ളി കന്നേറ്റിപ്പാലത്തില്‍ നിന്ന് പുഴയിലേക്കെറിഞ്ഞ് ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടു.

അതേസമയം രാജേഷിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. അലിഭായി കാണിച്ചുകൊടുത്ത സ്ഥലത്ത് മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ട് ആയുധങ്ങള്‍ കണ്ടെത്തിയത്.

ഒന്നാം പ്രതി സത്താറാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ഭാര്യക്ക് രാജേഷുമായുള്ള അടുപ്പമാണ് വൈരാഗ്യമായത്. ക്വട്ടേഷനെടുത്ത അലിഭായി മറ്റ് പ്രതികളെ ഏകോപിപ്പിച്ച് വധം നടപ്പാക്കുകയായിരുന്നു.

വിദേശത്തുനിന്നായിരുന്നു മുഴുവന്‍ ആസൂത്രണമെന്നും ഇയാള്‍ വ്യക്തമാക്കി. സത്താറിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ആവശ്യമെങ്കില്‍ നൃത്താധ്യാപികയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here