ആമസോണ്‍ വഴി മൂത്രം നിറച്ച കുപ്പി

ലണ്ടന്‍ :ആമസോണ്‍ വഴി സാധനം വാങ്ങുവാന്‍ ശ്രമിച്ച യുവാവിനെ തേടിയെത്തിയത് മൂത്രം നിറച്ച കുപ്പി. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സ്വദേശിയായ 30 വയസ്സുകാരനായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്.

65 പൗണ്ട് വിലയുള്ള ഒരു അലങ്കാര വസ്തുവിനാണ് യുവാവ് ആമസോണ്‍ സൈറ്റില്‍ കയറി ഓര്‍ഡര്‍ നല്‍കിയത്. പാക്കറ്റ് പൊട്ടിച്ച നിലയിലായിരുന്നു പാര്‍സല്‍ ഇദ്ദേഹത്തിന്റെ കൈയ്യിലെത്തിയത്. എന്നാലും ഈ കാര്യം അദ്ദേഹം അത്ര കാര്യമാക്കിയില്ല.

പാക്കറ്റിന്റെ ബാക്കി ഭാഗം കൂടി പൊട്ടിച്ചു നോക്കിയപ്പോഴാണ് അലങ്കാര വസ്തുവിനൊപ്പം ഒരു പ്ലാസ്റ്റിക് കുപ്പിയും കൂടി ശ്രദ്ധയില്‍പ്പെടുന്നത്. അസഹ്യമായ ഗന്ധം കാരണം യുവാവിന് ഉടന്‍ തന്നെ സംഭവം പിടികിട്ടി.

ഇദ്ദേഹം ഉടന്‍ തന്നെ തനിക്ക് ലഭിച്ച പാര്‍സല്‍ ബോക്‌സും പ്ലാസ്റ്റിക് കുപ്പിയും ഫോട്ടോയെടുത്ത് ആമസോണിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ യാതൊന്നും സംഭവിക്കാത്തത് പോലെയായിരുന്നു അമസോണ്‍ അധികൃതരുടെ പെരുമാറ്റമെന്ന് യുവാവ് ആരോപിച്ചു.

തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഈ സംഭവം ഇടയാക്കിയെന്നും നിരവധി തവണ ചര്‍ദ്ദിച്ചെന്നും ഒരു പാട് തവണ കൈ കഴുകേണ്ടി വന്നുവെന്നും യുവാവ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിന് മറുപടിയായി ഒരു മാപ്പപേക്ഷയാണ് ആമസോണിന്റെ ഭാഗത്ത് നിന്നുണ്ടായത്. താങ്കള്‍ക്ക് സംഭവിച്ച ദുരനുഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ച ആമസോണ്‍ 150 പൗണ്ടിന്റെ ഒരു ഗിഫ്റ്റ് വൗച്ചറും യുവാവിന് സമ്മാനമായി നല്‍കി.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും കമ്പനി യുവാവിന് ഉറപ്പ് നല്‍കി.

അടുത്തിടെ ഇംഗ്ലണ്ടില്‍ ആമസോണ്‍ കമ്പനിയിലെ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ദിവസവും 12 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ഇവര്‍ പലപ്പോഴും ജോലി ഭാരം കാരണം കമ്പനി വാനുകള്‍ക്കുള്ളില്‍ വെച്ച് പ്ലാസ്റ്റിക് ബോട്ടിലുകളില്‍ മൂത്രമൊഴിക്കുന്ന കാര്യവും വാര്‍ത്തകളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് ഇത്തരമൊരു സംഭവം കൂടി പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here