ഈ ചിത്രം വൈറലാവുന്നതിന് പിന്നില്‍

ലോര്‍ഡ്‌സ് :ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ കാണികളുടെ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഗാലറിയില്‍ ഇരിക്കുന്ന കാണികള്‍ക്കിടയില്‍ ആരും തിരിച്ചറിയാതിരിക്കാന്‍ ഒരു തുണി കൊണ്ട് മുഖം മറച്ച് തലയ്ക്ക് കയ്യും വെച്ച് ഇരിക്കുന്നത് പ്രശസ്ത ഹിന്ദി ചലചിത്ര നടന്‍ ഇര്‍ഫാന്‍ ഖാനാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ സംസാരം.

‘ന്യൂറോ എന്‍ഡോക്രൈന്‍’ രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് താരം ലണ്ടനിലേക്ക് പോയത്. പോകുന്നതിന് മുന്‍പ് ആരാധകര്‍ക്കും തന്റെ അഭ്യുദയകാംക്ഷികള്‍ക്കുമായി രോഗ വിമുക്തി നേടി തിരിച്ചു വരുമെന്ന് സമൂഹ മാധ്യമം വഴി ഉറപ്പു നല്‍കിയാണ് ചികിത്സയ്ക്കായി അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചത്. ഇതിന് ശേഷം ഇര്‍ഫാന്റെ ചികിത്സ സംബന്ധിച്ച വാര്‍ത്തകളൊന്നും തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകരും ഏറെ ആശങ്കയിലായിരുന്നു.

ഇതിനിടയിലാണ് ഇര്‍ഫാന്‍ ഖാനെ പോലെ തോന്നിപ്പിക്കുന്ന ഒരു വ്യക്തി ടെസ്റ്റ് മത്സരം കാണുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. സൈനബ് അബ്ബാസ് എന്ന ഒരു സ്‌പോര്‍ട്‌സ ലേഖികയാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്. ഇര്‍ഫാന്‍ ഖാന്‍ ലോര്‍ഡ്‌സിലെ ക്രിക്കറ്റ് മത്സരം ആസ്വദിക്കുന്നു എന്നു തന്നെയാണ് സൈനാബ് ചിത്രത്തിന് നല്‍കിയ തലക്കെട്ട്.

എന്നാല്‍ ഇര്‍ഫാന്‍ ഖാന്റെ ഭാഗത്ത് നിന്നോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നോ ചിത്രത്തിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നാലും ഇതു തങ്ങളുടെ സ്വന്തം ഇര്‍ഫാന്‍ ഖാന്‍ തന്നെയാണെന്ന് പറഞ്ഞ് ചിത്രത്തെ ഏറ്റു പിടിക്കുകയാണ് ആരാധകര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here