‘അമ്മ മഴവില്ല്’ ഷോയ്ക്കായി ഒന്നിച്ച് പെപ്പയും ലിച്ചിയും

കൊച്ചി :അങ്കമാലിക്കാരുടെ മനസ്സിലെ പ്രണയത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചു കാട്ടിയ പെപ്പയും ലിച്ചിയും വീണ്ടും ഒന്നിക്കുന്നു. താര സംഘടനയായ ‘അമ്മ’യുടെ സില്‍വര്‍ ജൂബിലി അഘോഷങ്ങളുടെ ഭാഗമായുള്ള അമ്മ മഴവില്ല് മെഗാ ഷോയിലാണ് ഈ പ്രണയ ജോഡികള്‍ ഒരുമിച്ച് നൃത്തം അവതരിപ്പിക്കുക. ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ മികവാര്‍ന്ന പ്രകടനത്തിലൂടെയാണ് ഈ പ്രണയ ജോഡികള്‍ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചത്.

നൃത്ത പരിശീലനം കൊച്ചിയിലെ ഹോട്ടലില്‍ പുരോഗമിക്കുകയാണ്. ഇരുവരും ചേര്‍ന്നുള്ള ഡാന്‍സ് റിഹേഴ്‌സലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവരെ കൂടാതെ മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും ‘അമ്മ മഴവില്ല്’ ഷോയുടെ വിവിധ പ്രോഗ്രാമുകള്‍ക്കായുള്ള പരിശീലനത്തിലാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുളള സൂപ്പര്‍ താരങ്ങളും പരിശീലനത്തിനുണ്ട്.

പാട്ടും നൃത്തവും തമാശകളുമായി അരങ്ങ് തകര്‍ക്കുകയാണ് യുവതാരങ്ങളും മുതിര്‍ന്നവരും അടങ്ങുന്ന നീണ്ട നിര. മുതിര്‍ന്ന താരങ്ങളെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ്. അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, കാളിദാസ് ജയറാം, സൗബിന്‍, നമിതാ പ്രമോദ്, ഹണിറോസ്, അന്‍സിബാ,മൈഥിലി, ഷംനകാസിം, അനന്യ, കുക്കു പരമേശ്വരന്‍ തുടങ്ങിയ താരനിരയും റിഹേഴ്സലുകളുടെ തിരക്കിലാണ്.

തിരുവനന്തപുരത്തെ കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ മെയ് ആറിനാണ് ‘അമ്മ മഴവില്ല്’ മെഗാ ഷോ അരങ്ങേറുന്നത്. മലയാളത്തിലെ നൂറിലേറെ ചലചിത്ര താരങ്ങള്‍ ഷോയില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ ആറിയിച്ചു. 25000 പേര്‍ക്ക് നേരിട്ട് പരിപാടി വീക്ഷിക്കാന്‍ പറ്റുന്ന സജ്ജീകരണങ്ങളാണ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ പഴയ കാല നടീനടന്‍മാരെയും കലാകാരന്‍മാരേയും സഹായിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘അമ്മ മഴവില്ല്’ ഷോ അരങ്ങേറുന്നത്. പഴയ കാല ചലചിത്ര പ്രവര്‍ത്തകരായ 15 പേരെ ഷോയുടെ തുടക്കത്തില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മധു ആദരിക്കും. അഞ്ച് മണിക്കൂര്‍ ഷോ നീണ്ടു നില്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here