തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പില്‍ 9 മരണം

തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ജനങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ
തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്കെതിരെ വെടിവെച്ചു. സംഭവത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിയടക്കം 9 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു .  നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാര്‍ക്ക് പുറമേ പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശ വാസികള്‍ ഈ കോപ്പര്‍ യൂണിറ്റിനെതിരെ ഇവിടെ സമരത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് ചൊവാഴ്ച ഉച്ചയോടെ സമരക്കാര്‍ കലകട്രേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലാണ് ആക്രമണം അരങ്ങേറിയത്.

വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളടക്കം നശിപ്പിച്ച് ആക്രമാസക്തമായി മുന്നോട്ട് നീങ്ങിയ സംഘത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍
അഗ്നിക്കിരയായി.

പ്രതിഷേധവുമായി സമരക്കാര്‍ കലക്ട്രേറ്റിലേക്ക് നീങ്ങിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. 9 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥിതി നിയന്ത്രണ വിധേയമായതായും സമര നേതാക്കളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയടക്കമുള്ള സംഘം തൂത്തുക്കുടിയിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here