ഹൃദയാഘാതത്തിലും തളരാത്ത ഡ്രൈവറെ വാഴ്ത്തി ലോകം

തിരുമല :തനിക്ക് ഹൃദയാഘാതം സംഭവിക്കാന്‍ പോവുകയാണെന്ന് ഉറപ്പായിട്ടും യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിയ ബസ് ഡ്രൈവറെ വാഴ്ത്തി ലോകം. ആന്ധ്രപ്രദേശി സ്‌റ്റേറ്റ് ആര്‍ടിസിയിലെ ബസ് ഡ്രൈവറായ അരുണാചലമാണ് ജീവന്റെ അവസാന നിമിഷത്തിലും കര്‍മ്മനിരതനായി വാര്‍ത്തകളില്‍ നിറയുന്നത്.

തിരുമല ആര്‍ടിസി ഡിപ്പോയില്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലി നോക്കി വരികയായിരുന്നു 45 വയസ്സുകാരനായ അരുണാചലം. ചെന്നൈയില്‍ നിന്നും തിരുമല ക്ഷേത്രത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സിലായിരുന്നു കഴിഞ്ഞ ഞായറാഴ്ച അരുണാചലത്തിന്റെ ഡ്യൂട്ടി. ബസ്സില്‍ 50 യാത്രക്കാരുണ്ടായിരുന്നു.

ചിറ്റൂര്‍ ജില്ലയിലെ പിച്ചോറ്റൂര്‍ ഭാഗത്ത് കൂടി ബസ് ഓടിക്കവേയായിരുന്നു അരുണാചലത്തിന് നെഞ്ചു വേദന അനുഭവപ്പെടാന്‍ തുടങ്ങിയത്. മല ഇറങ്ങുന്നതിനിടയില്‍ ആയത് കൊണ്ട് തന്നെ തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശം ആയിരുന്നു ഈ സ്ഥലം. അതുകൊണ്ട് തന്നെ ബസ് ഈ മേഖലയില്‍ ദീര്‍ഘ നേരം നിര്‍ത്തിയിടുന്നത് സുരക്ഷിതവുമല്ല.

അപകടം മനസ്സിലാക്കിയ അരുണാചലം നെഞ്ചു വേദനയ്ക്കുള്ള ഒരു ഗുളികയെടുത്ത് കഴിച്ചതിന് ശേഷം ജോലി തുടര്‍ന്നു. ബസ്സ് തൊട്ടടുത്ത സ്റ്റാന്‍ഡിലേക്ക് സുരക്ഷിതമായി എത്തിക്കുവാന്‍ അരുണാചലം വിജയിച്ചു, എന്നാല്‍ അപ്പോഴേക്കും അദ്ദേഹം ശരീരമാകെ വിയര്‍ത്തു ബോധരഹിതനായി സീറ്റില്‍ നിന്നും പുറകോട്ടേക്ക് തളര്‍ന്നു വീണിരുന്നു. യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here