അപൂര്‍വ ശസ്ത്രക്രിയ നടത്തി യുഎഇയിലെ ആശുപത്രി

റാസല്‍ ഖൈമ :അബദ്ധത്തില്‍ യുവതിയുടെ ശ്വാസകോശത്തില്‍ അകപ്പെട്ട പിന്‍ ഡോക്ടര്‍മാര്‍ വിദഗ്ധമായി പുറത്തെടുത്തു. റാസല്‍ ഖൈമയിലെ സഖര്‍ ആശുപത്രിയിലാണ് അത്യന്തം സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടന്നത്. 31 വയസ്സുകാരിയായ അറബ് യുവതിയേയാണ് മുടിയിലെ ഹിജാബില്‍ കുത്തി വെയ്ക്കാറുള്ള പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചുമ അസഹ്യമായതിനേയും തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്‍, പല്ലില്‍ കടിച്ച് പിടിച്ചായിരുന്നു യുവതി ഹിജാബ് കെട്ടുവാന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് പിന്‍ അബദ്ധത്തില്‍ വിഴുങ്ങി പോയത്. തൊണ്ടക്കുഴലിലൂടെ ശരീരത്തിനുള്ളിലേക്ക് ഇറങ്ങിയ പിന്‍ ഇടത് ശ്വാസകോശത്തില്‍ തറച്ച് നിന്നു.

ശസ്ത്രക്രിയ അതീവ സങ്കീര്‍ണ്ണമായിരുന്നുവെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് റാഷിദ് ബിന്‍ അര്‍ഷീദ് വ്യക്തമാക്കി. എന്നാല്‍ വൈകിച്ചാല്‍ യുവതിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയക്ക് തയ്യാറെടുത്തത്. ഡോ. മൊഹമ്മദ് ഷവാക്കിന്റെ നേതൃത്വത്തിലുള്ള ഇഎന്‍ടി വിദഗ്ധ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.

വളരെ വലിപ്പം കുറഞ്ഞ പിന്‍ ആയിരുന്നുവെന്നതും ശ്വാസകോശത്തിന്റെ ആഴത്തിലായി ഇത് നിലയുറപ്പിച്ചത് കൊണ്ടും ശസ്ത്രക്രിയ വളരെ ദുഷ്‌കരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 40 മിനുട്ടോളം ശസ്ത്രക്രിയ നീണ്ടു നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here