ജെറുസലേമിലെ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറി

ജെറുസലേം :ഇസ്രായേലുമായി ജെറുസലേമില്‍ വെച്ചു നടക്കാനിരുന്ന സൗഹൃദ മത്സരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം ഉപേക്ഷിച്ചു. ജറുസലേമില്‍ ആധിപത്യം നേടിയതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇസ്രായേല്‍ സൗഹൃദ
മത്സരം സംഘടിപ്പിച്ചത്. ജൂണ്‍ 9 നായിരുന്നു മത്സരം.

ലോകകപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അര്‍ജന്റീനിയന്‍ ടീമിന്റെ അവസാനത്തെ വാം അപ്പ് മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ മത്സരത്തിനെതിരെ പാലസ്തീനില്‍ വ്യാപക പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കുന്നതായി അര്‍ജന്റീനിയ ഫുട്‌ബോള്‍ ടീം അറിയിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മെസ്സിക്കെതിരായിരുന്നു പാലസ്തീനിലെ പ്രതിഷേധം മുഴുവനും. മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ പ്രതീകാത്മകമായി മെസ്സിയുടെ ജഴ്‌സികള്‍ കത്തിക്കണമെന്ന് പാലസ്തീന്‍ ഫുട്‌ബോള്‍ താരം ജിബ്രില്‍ രജൗബ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

മെസ്സിക്കും മാനസികമായി ഇസ്രായേലുമായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ യുനിസെഫിന്റെ ബ്രാന്റ് അംബാസിഡറായ തനിക്ക് സാധിക്കില്ലെന്ന് മെസ്സി തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പാലസ്തീന്‍ ജനത വേദനിച്ചിരിക്കുമ്പോള്‍ എങ്ങനെ ശാന്തരായി കളിക്കുമെന്ന് മെസ്സി തന്നോട് ചോദിച്ചിരുന്നതായി അര്‍ജ്ജന്റീനിയന്‍ ക്യാപ്റ്റര്‍ ഹിഗെയ്വനും വ്യക്തമാക്കി.

ഇതിനൊടുവിലാണ് മത്സരത്തില്‍ നിന്നും പിന്‍മാറുന്നതായി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ മാനേജ്മന്റ് അറിയിച്ചു. തീരുമാനം രാഷ്ടീയ നീക്കമായി കാണേണ്ടതില്ലെന്നും ടീം അംഗങ്ങളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നുമാണ്  അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ മാനേജ്മന്റ് അറിയിച്ചത്. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് കീഴടങ്ങുന്ന തരത്തിലുള്ളതാണ് അര്‍ജ്ജന്റീനിയന്‍ ദേശിയ ടീമിന്റെ നടപടിയെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്‌ഡോര്‍ ലൈബര്‍മാന്‍ വിമര്‍ശിച്ചു.

ഇതു അര്‍ജ്ജന്റീനയന്‍ ഫുട്‌ബോള്‍ ടീമിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാലസ്തീന്റെ ഭീഷണിയും ആക്രോശവും കാരണമാണ് അര്‍ജ്ജന്റീന പിന്‍മാറിയതെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. അതേസമയം മത്സരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു അര്‍ജ്ജന്റീനിയന്‍ പ്രസിഡണ്ടിനോട് അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here