കേരള റെയില്‍വേയ്ക്ക് 427 കോടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പുള്ള ഈ സമ്പൂര്‍ണ്ണ ബജറ്റ് ഏവരേയും ഒരു പോലെ ആകര്‍ഷിക്കുന്നതാണ്. എല്ലാ മേഖലകളെയും പരാമര്‍ശിച്ചും എല്ലാവിഭാഗം ജനങ്ങളെയും സ്പര്‍ശിക്കുന്നതുമായ പ്രഖ്യാപനങ്ങളുമായാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഒരുമണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിട്ടുള്ള ബജറ്റ് പ്രസംഗം.

ബജറ്റില്‍ റെയില്‍വേ മേഖലയ്ക്ക് 1,48,500 കോടി രൂപയാണ് നീക്കിവെച്ചത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 427.83 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പുതിയ പാതയ്ക്കായി 64.09 കോടിയും പാത ഇരട്ടിപ്പിക്കലിന് 294.97 കോടിയും ഗേജ് മാറ്റത്തിനായി 4.79 കോടിയും ആണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് 63.98 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ട്രെയിനുകളിലും വൈ- ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനോടൊപ്പം യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.

3000 കോടി രൂപ ചെലവില്‍ 11,000 ട്രെയിനുകളിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. 4000 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ പുതുതായി വൈദ്യുതീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

18,000 കിലോമീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കും. മുന്‍ വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുതല്‍മുടക്കാത്തതാണ് തുടര്‍ച്ചയായ റെയില്‍വേ അപകടങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍.

അതേസമയം കൃഷി, വിദ്യാഭ്യാസം, ഗ്രാമീണ മേഖല എന്നിവക്ക് പ്രേത്യകം ഊന്നല്‍ നല്‍കി തുടങ്ങിയ പ്രഖ്യാപനം നഗരം, സ്ത്രീ സുരക്ഷ, വൈദ്യുതി, റെയില്‍വേ, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഡിജിറ്റല്‍ മണി തുടങ്ങി മേഖലയിലും പ്രഖ്യാപനം നടത്തിയ ജെയ്റ്റ്‌ലി ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here